തിരുവനന്തപുരം: ഗൾഫ് നാടുകളിലെ നിയമക്കുരുക്കുകളോട് ഒറ്റയ്ക്കു പൊരുതിയ പെണ്‍പ്രവാസി. മണലാരണ്യങ്ങളിലെ അശരണരരുടെ കഥ പറഞ്ഞ ബന്യാമിന്റെ ’ആടു ജീവിത’ത്തിനുശേഷം ആ മണലാരണ്യങ്ങളിലെ ഹൃദയസ്പർശിയായ അനുഭവങ്ങളുമായി പുതിയ നോവൽ. ജസിന്ത മോറിസ് രചിച്ച ’നീതി തേടി ഒരു പെണ്‍പ്രവാസി’ എന്ന നോവലാണ് അറേബ്യൻ നാടുകളിലെ തീഷ്ണമായ അനുഭവങ്ങളുടെ ആവിഷ്കാരമാകുന്നത്.
നോവലിന്റെ പ്രകാശനം ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് തൈക്കാട് ഭാരത് ഭവനിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ഇതോടനുബന്ധിച്ച് ചതുർഭാഷാ കവിയരങ്ങും ഒരുക്കിയിട്ടുണ്ട്. പ്രേംനസീർ സുഹൃദ്സമിതിയുടെ നേതൃത്വത്തിലാണ് പുസ്തക പ്രകാശനവും കവിയരങ്ങും.
ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ’നീതി തേടി ഒരു പെണ്‍പ്രവാസി’ ഈ മാസം 31 ന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രകാശന ചടങ്ങിൽ ഭാരത് ഭവൻ മെന്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അധ്യക്ഷനാകും. പ്രഫ. ജി.എൻ. പണിക്കർ ആദ്യ കോപ്പി സ്വീകരിക്കും.
പ്രകാശന ചടങ്ങിനു മുന്‍പ് ഉച്ചയ്ക്ക് ഒന്നരയ്ക്കാണു ചതുർഭാഷാ കവിയരങ്ങ്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ നാലു ഭാഷകളിലുള്ള കവിതകൾ അവതരിപ്പിക്കുമെന്ന് പ്രേംനസീർ സുഹൃദ്സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയും കണ്‍വീനർ പനച്ചമൂട് ഷാജഹാനും അറിയിച്ചു. കരുമം എം നീലകണ്ഠൻ കവിയരങ്ങ് ഉദ്ഘാടനം ചെയ്യും. മലയാളം, ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിൽ കഥയും കവിതയും രചിക്കുന്ന ജസിന്ത തിരുവനന്തപുരത്തെ അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ സീനിയർ അക്കൗണ്ടന്റാണ്.