കുന്നിക്കോട് : സംസ്ഥാന ഫലത്തിന് തമിഴ് വിപണിയിൽ വൻ ഡിമാന്റ്. പ്രതിദിനം കിഴക്കൻ മേഖലയിൽ നിന്ന് ടൺ കണക്കിന് ചക്കയാണ് അതിർത്തി കടക്കുന്നത്.കേരളത്തില്‍ ചക്കയുടെ സീസണ് ആകുന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും മൊത്തക്കച്ചവടക്കാരെത്തി കച്ചവടം ഉറപ്പിക്കുകയാണ് പതിവ്.
ഉള്‍പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന ചക്കകള്‍ ദേശീയ പാതയോരത്ത് എത്തിക്കുകയും തമിഴ്നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്യും. വരിക്ക ചക്കയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്.
നൂറുരൂപയ്ക്ക് മുകളിലാണ് വില.എന്നാല്‍ തമിഴ്നാട്ടില്‍ എത്തുന്നതോടെ ചക്കയുടെ വില ഇതിലും വര്‍ധിക്കും.അവിടെ ചക്കച്ചുളയ്ക്കാണ് വില. പഴുത്ത വരിയ്ക്കച്ചക്കയുടെ ചുളയൊന്നിന് എട്ട് രൂപ മുതല്‍ പതിനഞ്ച് രൂപ വരെയാണ് വില. വരിക്ക, തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, കൂഴ എന്നിങ്ങനെ പലതരത്തിലുള്ള ചക്കകള്‍ കിഴക്കന്‍ മേഖലയില്‍ നിന്നും കയറ്റിയയക്കുന്നുണ്ട്.
കറവൂര്‍, ചെമ്പനരുവി, അച്ചന്‍കോവില്‍, ചാലിയക്കര, പാടം എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് ചക്കകള്‍ അധികവുമെത്തുന്നത്. കഴിഞ്ഞ സീസണില്‍ കിഴക്കന്‍ മേഖലയില്‍നിന്നും വന്‍തോതില്‍ ചക്ക ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു.ഇത്തവണ സീസണ് ആരംഭിച്ചപ്പോള്‍ തന്നെ ആവശ്യക്കാരേറെയാണെന്ന് വ്യാപാരികള്‍ പറയുന്നു.
വനമേഖലയില്‍നിന്നും ചക്കകള്‍ ശേഖരിച്ച്കൊണ്ട് വില്‍ക്കുന്ന മൊത്തക്കച്ചവടക്കാരും മേഖലയില്‍ ഉണ്ട്. വാഹനങ്ങളിലെത്തുന്നവരും വിനോദസഞ്ചാരികളും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യക്കാരായുണ്ടെന്നതും ശ്രദ്ധേയമാണ് . ഭക്ഷണക്രമം പാടേ മാറിയ മലയാളി ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഉപേക്ഷിക്കുമ്പോള്‍ ഇവയുടെ ഗുണമറിഞ്ഞ മറുനാട്ടുകാര്‍ അവസരം പ്രയോജനപെടുത്തുകയാണ്.