വടക്കഞ്ചേരി: വേണമെങ്കിലല്ല, പന്തലാംപാടം കല്ലിങ്കൽപ്പാടം റോഡിലുള്ള വിളക്കാനപ്പിള്ളിയിൽ ബിജു വർഗീസിന്റെ വീട്ടുമുറ്റത്തെ പ്ലാവിന്റെ വേരിൽ നിറയെ ചക്ക കൂട്ടമാണ്. വേര് പോകുന്നിടത്തെല്ലാം ചക്ക നിറയുന്നു.
ഇതിൽ മൂപ്പെത്തിവരും ചെറുപ്രായക്കാരുമൊക്കെയുണ്ട്. ഇപ്പോൾ ഉണ്ടാകുന്ന കുഞ്ഞൻമാരേയും കൂട്ടത്തിൽ കാണാം.ഓണം വരെ ചക്ക ഉണ്ടായികൊണ്ടിരിക്കുമെന്നാണ് ബിജു പറയുന്നത്.
പിന്നെ അടുത്ത സീസണ് നവംബറിൽ തുടങ്ങും. വിശ്രമമില്ലാതെയാണ് അഞ്ച് വയസ് പ്രായമുള്ള ഈ ബഡ് പ്ലാവ് ചക്ക ഉല്പാദനം നടത്തുന്നത്. ബിജുവിന്റെ വീട്ടുമുറ്റത്ത് തന്നെയാണ് ഈ കൗതുക കാഴ്ച.
നബാർഡിന്റെ മൊബൈൽ നഴ്സറിയിൽ നിന്നും തൈ വാങ്ങി വെച്ചതായിരുന്നു. മൂന്നാം വർഷം തന്നെ പ്ലാവ് കായ്ച് താരമാകുന്നതിന്റെ സൂചന നൽകിയിരുന്നു.
നല്ല മധുരമുള്ള വരിക്ക ചക്കയായതിനാൽ ആവശ്യക്കാരും കൂടുതലാണ്.ഇതിനാൽ മൂപ്പെത്തിയ ചക്കകളിൽ ബിജുവിന്റെ രഹസ്യ നിരീക്ഷണവുമുണ്ട്.