എലിക്കുളം: കുരുവും ചവിണിയും അരക്കും ഇല്ലാത്ത ചക്ക എലിക്കുളം പനമറ്റത്ത് കായ്ച് പഴുത്തു. പനമറ്റം സ്വദേശിയായ ശ്രീലകത്ത് സുഭാഷിന്റെ വീട്ടിൽ നട്ടുപിടിപ്പിച്ച പ്ലാവിലാണ് ഈ ന്യൂജൻ ചക്ക ഉണ്ടായത്. പഴുത്ത ചക്ക പൈനാപ്പിൾ ചെത്തുന്നതുപോലെ മടൽ നീക്കി കഴിക്കാം. സ്വാദാകട്ടെ ഗംഭീരം.
അഞ്ചുവർഷം മുൻപ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം പ്രഫസർ ഡോ. സണ്ണിച്ചൻ വി. ജോർജ് വിയറ്റ്നാമിൽനിന്നു കൊണ്ടുവന്ന തൈകളിൽ ഒന്നാണിത്.
കുരുവില്ലാത്തതും അരക്കില്ലാത്തതുമായ ചക്കകളുണ്ടാകുന്ന പ്ലാവിൻ തൈകൾ നഴ്സറികളിൽ നിലവിൽ ലഭ്യമാണ്. ഇത് വാങ്ങി നട്ടവരും നിരവധിയുണ്ട്. എന്നാൽ ഇതിൽ ചക്ക പിടിക്കുന്നത് അപൂർവമാണത്രെ. ഇപ്പോഴിത് കായ്ച് പഴുത്തുവെന്നത് ചക്കപ്രേമികൾക്ക് ആഹ്ളാദവാർത്തയാണ്.
സുഭാഷിന്റെ പ്ലാവിൽ അഞ്ചാം വർഷം ഒരു ചക്ക മാത്രമാണു കായ്ച്ചത്. ഈ പ്ലാവ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് ആശാവഹമായിരിക്കില്ലെന്നാണു വിദഗ്ധർ പറയുന്നത്.
കെ.എ. അബ്ബാസ്