മാന്നാർ: സംസ്ഥാന സർക്കാർ ചക്കയുടെ ഗുണങ്ങളും മേൻമകളും തിരിച്ചറിഞ്ഞ് സംസ്ഥാന ഫലമായി പ്രഖ്യാപിച്ച് ഒരു വർഷം തികയുന്പോഴേക്കും ചക്ക കിട്ടാക്കനിയാകുന്നു. ഫെബ്രുവരി മുതൽ മെയ് വരെയുള്ള സീസണിൽ കേരളത്തിൽ വ്യാപകമായി കണ്ടിരുന്ന ഫലമാണ് ചക്ക.
ഓരോ സീസണിലും ടണ് കണക്കിന് ചക്കയാണ് അന്യ സംസ്ഥാനങ്ങളിലേക്ക് വരെ സംസ്ഥാനത്തു നിന്ന് കയറ്റി അയച്ചിരുന്നത്. എന്നാൽ ഈ സീസണിൽ വേണ്ടത്ര കായ്ഫലം എങ്ങും ഉണ്ടായില്ല. പ്ലാവിൽ കയറി ചക്കയിടുവാനുള്ള ബുദ്ധിമുട്ടുകൊണ്ടും കയറാൻ ആളില്ലാത്തതുകൊണ്ടും പ്ലാവിൽ നിന്ന് തന്നെ പഴുത്ത് താഴെ വീണ് ഉപയോഗമില്ലാതെ പോയിരുന്ന ഒരു കാലഘട്ടം ചക്കയ്ക്കുണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ മൂന്നുനാലു വർഷമായി ചക്കയുടെ പ്രധാന്യവും ഗുണങ്ങളും ജനങ്ങളിൽ എത്തിക്കുവാൻ വിവിധ സംഘടനകൾ ചക്ക ഫെസ്റ്റ് തന്നെ നടത്തുകയുണ്ടായി. വിവിധങ്ങളായ ചക്ക വിഭവങ്ങൾ ജനങ്ങളുടെ മുന്പിൽ എത്തിക്കുകയും ചെയ്തു. ഇതോടെ ചക്കയ്ക്ക് ഏറെ പ്രാധാന്യവും പ്രിയവും ഉണ്ടായി.
ചക്കയുടെ ഗുണങ്ങൾ അറിഞ്ഞ് സർക്കാർ സംസ്ഥാന ഫലമായി പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും വലിയ ഒരു ചക്ക കഴിഞ്ഞ വർഷം വരെ നൂറ് രുപയ്ക്ക് ലഭിക്കുകമായിരുന്നു. എന്നാൽ ഇപ്പോൾ ചക്കയുടെ വില പതിൻമടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.
ഒരു കിലോ ചക്കയ്ക്ക് 40 മുതൽ 50 രൂപാ വരെ വിലയായി കഴിഞ്ഞു. നാലോ അഞ്ചോ പഴുത്ത ചക്കചുളയോടുകൂടി മുറിച്ച് വയ്ക്കുന്നതിന് 10 രൂപയാണ് വില ഈടാക്കുന്നത്. ഈ വർഷം ചക്ക പൊതുവെ കുറവായതിനാലും ചക്കയുടെ പ്രാധാന്യം മനസിലാക്കി ധാരാളം ആവശ്യക്കാർ ഉള്ളതിനാലുമാണ് ചക്കയുടെ വില വർദ്ധിക്കുവാൻ കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു.