തൃശൂർ: അറുപതു കിലോ ചക്ക തരാമോയെന്ന് എംബസി ഓഫ് ബ്രസീൽ. തരാമല്ലോയെന്നു വർഗീസ് തരകൻ. നാളെ (ചൊവ്വാഴ്ച) ബ്രസീൽ റിപ്പബ്ലിക് ദിനമാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിപ്പ് ഒരുക്കുന്ന വിരുന്നിനൊടുവിൽ വിളന്പുന്ന പ്രധാന ഇനമായ ബ്രസീലിയൻ ഡെസർട്ട് തയാറാക്കാനാണ് എംബസി ഇത്രയും ചക്ക അന്വേഷിച്ചത്.
ചക്ക കിട്ടാത്ത കാലത്ത് ഡൽഹിയിലെ ബ്രസീൽ എംബസിയിലെ ഉദ്യോഗസ്ഥർ ഇന്ത്യ മുഴുവൻ അന്വേഷിച്ചു വലഞ്ഞതാണ്. ഒടുവിൽ സാമൂഹ്യ മാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും വാർത്താതാരമായ വർഗീസ് തരകന്റെ കുറുമാൽ കുന്നിലെ ആയുർജാക്ക് ഫാമിനെക്കുറിച്ച് അവർ മനസിലാക്കി. 365 ദിവസവും ചക്ക വിളയുന്ന ഫാമിൽനിന്ന് ചക്ക കിട്ടുമോയെന്ന് ആരാഞ്ഞുകൊണ്ട് ഫോണ് സന്ദേശമാണ് ആദ്യം ലഭിച്ചത്.
പിറകേ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ബ്രെണോ ഹെർമൻ ഒപ്പുവച്ച കത്തും വന്നു. അവരുടെ അഭ്യർഥന അനുസരിച്ച് പഴുക്കാറായ ചക്ക വിളവെടുത്ത് പായ്ക്കു ചെയ്ത് എയർ കാർഗോ വഴിയാണ് അയച്ചുകൊടുത്തത്. ബ്രസീലിൽ ചക്ക വിശിഷ്ട വിഭവമാണ്. കേന്ദ്രമന്ത്രിമാരും വിവിധ എംബസി അധികൃതരും പങ്കെടുക്കുന്ന വിരുന്നിൽ വർഗീസ് തരകന്റെ ചക്കകൊണ്ടു തയാറാക്കിയ ഡെസർട്ടും വിശിഷ്ട വിഭവമാകും. ഫോൺ 94477 38074