മുക്കം(കോഴിക്കോട്): വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നാണ് പഴഞ്ചൊല്ല്. എന്നാൽ, പ്ലാവിൽ പേരക്ക കായ്ച്ച അദ്ഭുതമാണ് മുക്കത്ത്.ഒരു മരത്തിൽ തന്നെ വിവിധ തരം പൂവുകളും ഫലങ്ങളും ബഡിംഗിലൂടെ ഉണ്ടാക്കാറുണ്ടങ്കിലും ഇതു പ്രകൃതിയുടെ ഒരു ബഡിംഗാണന്നു മാത്രം.
മുക്കത്തിനടുത്ത് കാരശേരി ഗ്രാമപഞ്ചായത്തിലെ പാലിയിൽ കുന്നുമ്മലാണ് ഈ അദ്ഭുത കാഴ്ചയുള്ളത്. പ്ലാവിൽ പേരക്ക കായ്ച്ചിട്ടു ദിവസങ്ങളായങ്കിലും കണ്ടതു ചൊവ്വാഴ്ചയാണെന്ന് മാത്രം.
ചെറുപ്ര കുന്നുമ്മൽ സത്യവതിയും മകൾ ഷൈജയും മുക്കത്തുനിന്ന് വീട്ടിലേക്ക് കുറുക്കുവഴിയിലൂടെ നടന്ന് പോവുമ്പോഴാണ് ഇതു കണ്ടത്. ആദ്യമൊന്ന് അമ്പരന്ന ഇവർ ഇത് ആരോ കബളിപ്പിക്കാനായി കൃത്രിമമായി വച്ചതാവുമെന്നാണ് കരുതിയത്.
പക്ഷേ, കൂടുതൽ പരിശോധിച്ചപ്പോൾ സംഗതി ഒറിജിലൽ തന്നെയാണെന്നു ബോധ്യപ്പെട്ടത്.സംഭവമറിഞ്ഞതോടെ നിരവധി പേരാണ് ഈ കാഴ്ച കാണാനായി പാലിയിൽ കുന്നുമ്മലിലെത്തുന്നത്. കാണുക മാത്രമല്ല അടുത്തുനിന്നു സെൽഫിയെടുക്കലും ഗ്രൂപ്പ് ഫോട്ടോ എടുക്കലുമെല്ലാം ജോറാണ്.
കണ്ടവർ കണ്ടവർ ആശ്ചര്യത്തോടെ പറയുന്നു. വേണമെങ്കിൽ മുക്കത്ത് പേരക്ക പ്ലാവിലും കായ്ക്കുമെന്ന്. അതിനിടയിലും ഇതു ചക്ക രൂപമാറ്റം വന്നതാണന്ന സംശയവും ചിലർക്കെങ്കിലും ഇല്ലാതില്ല.