പൂച്ചാക്കൽ:സംസ്ഥാന ഫലമായ ചക്ക ക്ഷാമം രൂക്ഷം.ചക്കയുടെ ഗുണനിലവാരം കണ്ടാണ് സർക്കാർ ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്.എന്നാൽ ചക്ക ഇപ്പോൾ കിട്ടാക്കനിയാണ്.കേരളത്തിൽ സുലഭമായി ലഭിച്ചിരുന്ന ചക്കയ്ക്ക് നാട്ടിൽ ക്ഷാമം രൂക്ഷമായിരിക്കുകയാണ്.
ഓരോ സീസണിലും ടൺ കണക്കിന് ചക്ക അന്യസംസ്ഥാനങ്ങളിലെക്ക് കയറ്റി അയച്ചിരുന്ന സ്ഥാനത്ത് ഒരു ലോഡ് ഒപ്പിക്കാൻ തന്നെ ഏജന്റുമാർ ബുദ്ധിമുട്ടുകയാണ്. വരിക്കച്ചക്കയ്ക്കായിരുന്നു നേരത്തെ താൽപ്പര്യം കൂടുതൽ.എന്നാൽ ഇപ്പോൾ കൂഴ ഉൾപ്പെടെ ഏതിനം ചക്കയായാലും മതി എന്ന അവസ്ഥയാണ്.
വേനൽമഴ കൂടുതലായി പെയ്തതിനാൽ പ്ലാവിലെ പൂകൊഴിഞ്ഞ് പോയതിനാലാണ് ചക്കക്ക് ഇത്രയും ക്ഷാമം എന്നാണ് കൃഷി ഓഫീസർമാർ പറയുന്നത്. താനെ പഴുത്ത് വീഴുന്നതും പ്ലാവിൽ കയറി ചക്ക ഇടാൻ ആളില്ലാതെ കിളികൾ കൊത്തിയും ചക്ക ഉപയോഗശൂന്യമയി പോയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.
എന്നാൽ ചക്കയുടെ ഗുണവും പ്രാധാന്യവും ജനങ്ങളിലെക്ക് എത്തിക്കാൻ സർക്കാരും സംഘടനകളും ചക്ക ഫെസ്റ്റ് വെൽതന്നെ നടത്തിയതോടെ ആർക്കും വേണ്ടാതിരുന്ന ചക്ക നമ്പർ വൺ ആയി മാറി. ലോക്ഡൗൺ സമയങ്ങളിൽ വീടുകളിലെ ഒഴിച്ചുകൂട്ടാൻ പറ്റാത്ത വിഭവങ്ങളിൽ ഒന്നായിരുന്നു ചക്ക.
മറുനാടുകളിലെക്ക് ടൺ കണക്കിന് ചക്കകൾ കയറ്റി അയക്കുമ്പോൾ ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്.നാട്ടിൽ പുറങ്ങളിൽ നിന്നും ചെറുകിട കച്ചവടക്കാർ ചക്ക ശേഖരിക്കുമ്പോൾ ചെറുതിനും വലുതിനും മെത്തത്തിൽ വില ഉറപ്പിച്ചാണ് വാങ്ങുന്നത്.
കയറ്റി അയക്കുന്ന രണ്ടു തരം ചക്കയ്ക്ക് രണ്ട് വില ഇടനിലക്കാർക്ക് ലഭിക്കുന്നു. ഒരു കിലോ ചക്കക്ക് 70 മുതൽ 100 രൂപ വരെ ഇടനിലക്കാർക്ക് ലഭിക്കുമ്പോൾ ഇതിന്റെ പകുതി വിലമാത്രമാണ് ഉടമയ്ക്ക് ലഭിക്കുന്നത്.വില എത്ര ആയാലും ചക്ക വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്.
ഈ വർഷം ചക്ക പൊതുവെ കുറവായതിനാലും ചക്കയുടെ പ്രാധാന്യം മനസ്സിലാക്കി ആവശ്യക്കാർ കൂടുതൽ ഉള്ളതിനാലാണ് ചക്കക്ക് വില വർദ്ധിക്കാൻ കാരണം.