കൊട്ടാരക്കര: സംസ്ഥാന ഫലമായ ചക്കയ്ക്ക് ഉൽപ്പാദകരായ മലയാളികൾക്ക് ലഭിക്കുന്നത് തുശ്ചമായ വിലയാണെങ്കിലും ഇത് അതിർത്തി കടക്കുമ്പോൾ ഇടനിലക്കാർക്കു ലഭിക്കുന്നത് പൊന്നും വില. ഇവിടെനിന്നും ചക്ക അടങ്കലോടെയെടുത്ത് തമിഴ്നാട്ടിലെത്തിച്ച് ചില്ലറ വിൽപ്പന നടത്തുവർക്കാണ് മലയാളി മുക്കത്ത് വിരൽ വയ്ക്കുന്ന വില ലഭിക്കുന്നത്.
തമിഴ്നാട്ടിലെ നഗര പ്രദേശങ്ങളിൽ മടലും ചവിണിയും കളഞ്ഞ ചക്കച്ചുളക്ക് കിലോഗ്രാമിന് വില 150 രൂപയാണ്. തുണ്ടം തുണ്ടമാക്കി വിൽക്കുമ്പോൾ ഒരു തുണ്ടം ചക്കക്ക് 30 മുതൽ 50 രൂപ വരെ വിലയുണ്ട്. ഇവിടെ മലയാളിക്ക് ഇതിന്റെ നാലിലൊന്നു പോലും വില നൽകേണ്ടതില്ല. തമിഴ്നാട്ടിൽ നിന്നും നിരവധി പേരാണ് ചക്ക വ്യാപാരത്തിനായി കിഴക്കൻ മേഖലയിലെത്തുന്നത്.
പ്ലാവിലെ ചക്കക്ക് അടങ്കൽ വില പറഞ്ഞും ചക്ക ഒന്നിനു ഇത്ര രുപ നൽകിയുമാണ് കച്ചവടമുറപ്പിക്കുന്നത്. കായ്ഫലം കൂടുതലുണ്ടെങ്കിലും ആയിരം രൂപ വരെ അടങ്കൽ വില നൽകും. ചക്ക ഒന്നിനു വച്ചാണെങ്കിൽ വില 20-25 ലധികം പോകാറില്ല.
കൊട്ടാരക്കര മുതൽ ആര്യങ്കാവ് വരെയുള്ള ദേശീയ പാതയോരങ്ങളിലെല്ലാം ചക്ക കൂട്ടം കാണാം. വാങ്ങി ശേഖരിക്കുന്ന ചക്ക കാലിക്കു പോകുന്ന ലോറികളിൽ തമിഴ് നാട്ടിലെത്തിക്കാനാണിത്.