സ്‌കൂളില്‍ തന്നെ തോറ്റത് രണ്ടു തവണ; പിന്നീട് പഠനത്തിലും ജോലി നേടാനുള്ള ഉദ്യമങ്ങളിലും നിരവധി തവണ തോല്‍വികള്‍ ഏറ്റുവാങ്ങി; ടൂറിസ്റ്റ് ഗൈഡായി തുടങ്ങിയ ജീവിതത്തില്‍ വഴിത്തിരിവായത് വിനോദസഞ്ചാരികളില്‍ നിന്ന് ഇംഗ്ലീഷ് പഠിച്ചത്; ജാക്ക് മായുടെ ജീവിതം ഒരു ചരിത്രമാണ്…

കാലത്തിനപ്പുറത്തേക്ക് ചിന്തിച്ച പല മനുഷ്യരും പലപ്പോഴും ഉണ്ടായിട്ടുണ്ട്. ജാക് മായെയും അങ്ങനെയൊരാളായിത്തന്നെ വിശേഷിപ്പിക്കാം. ഇന്റര്‍നെറ്റ് പരിചിതമല്ലാത്ത കാലത്താണ് അതിന്റെ അനന്തസാധ്യതകള്‍ അധ്യാപകനായ ഈ മനുഷ്യന്‍ മുന്‍കൂട്ടി കണ്ടത്. പിന്നീട് ചൈനയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആലിബാബയുടെ സഹസ്ഥാപകനായത് ചരിത്രം. ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളാണ് ഇന്ന് ഇദ്ദേഹം. 1999-ല്‍ ജാക്കും സുഹൃത്തുക്കളും ചേര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനം തുടങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് മനക്കരുത്ത് മാത്രം.

1995 ല്‍ ആരംഭിച്ച ചൈന പേജസില്‍ നിന്നാരംഭിച്ച ഐടി പ്രണയമാണ് ആലിബാബ എന്ന സംരംഭത്തിലേക്ക് എത്തിച്ചത്. അങ്ങനെ ഒരു വരി പ്രോഗ്രാം കോഡ് പോലും എഴുതാനറിയാത്ത ജാക്ക് മാ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായി. അന്ന് വെറും അധ്യാപകന്‍ മാത്രമായിരുന്ന ജാക്ക് മായുടെ ഇന്നത്തെ സമ്പാദ്യം 4000 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 2.87 ലക്ഷം കോടി രൂപ. സുഹൃത്തുക്കള്‍ നല്‍കിയ 2000 ഡോളര്‍ കൊണ്ടാണ് ബിസിനസ് ആരംഭം. ലൈസന്‍സ് ലഭിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയ കാലം. ഒരു വ്യാപാരിയോ ഉപഭോക്താവോ ഇല്ലാതെ ആലിബാബ വെറുമൊരു വെബ്‌സൈറ്റ് മാത്രമായിരുന്ന വര്‍ഷങ്ങള്‍. ആനമണ്ടത്തരമെന്ന പുച്ഛിച്ചു തള്ളിയ ആലിപേ ഇന്നുപയോഗിക്കുന്നത് 800 ദശലക്ഷധികം ആളുകള്‍. ചെറുകിട ബിസിനസുകാര്‍ ഒരു കോടി. ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കായി ആലിബാബയില്‍ വന്നുപോവുന്നത് ദിനം പ്രതി പത്ത് കോടിയിലധികം ആള്‍ക്കാര്‍.

ജന്മദേശമായ ഹാങ്ഷുവില്‍ ടൂറിസ്റ്റ് ഗൈഡായി ജീവിതം തുടങ്ങുമ്പോള്‍ ഇപ്പറഞ്ഞ ധൈര്യം മാത്രമായിരുന്നു കൈമുതല്‍. എന്നാല്‍ അവിടെ വന്ന വിനോദസഞ്ചാരികളില്‍ നിന്നും ഇംഗ്ലീഷ് പഠിച്ചെടുത്തതോടെ ജീവിതത്തില്‍ മാറ്റം കണ്ടുതുടങ്ങി. അങ്ങനെ ചൈനയ്ക്ക് പുറത്ത് ഒരിക്കല്‍ പോലും പോവാതിരുന്ന ജാക്ക് മാ ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ പഠിച്ചു. ജോലിക്കായി അമേരിക്കയിലെത്തിയതോടെ ജാക്ക് മായുടെ ജീവിതം മാറിമറിഞ്ഞു. അവിടെ സുഹൃത്തിന്റെ കടയിലാണ് ആദ്യമായി ഇന്റര്‍നെറ്റ് കാണുന്നത്. ഇഷ്ടമുള്ളത് സെര്‍ച്ച് ചെയ്താല്‍ കാണാന്‍ സാധിക്കുന്ന ആ വിദ്യയില്‍ ജാക്ക് ചൈനയെന്ന് സെര്‍ച്ച് ചെയ്‌തെങ്കിലും ചൈനയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

അന്ന് തന്നെ ജാക്ക് സുഹൃത്തിന്റെ സഹായത്തോടെ ചൈനയെക്കുറിച്ച് ഒരു വെബ് പേജ് ആരംഭിച്ചു. ലോകത്തിലെ തന്നെ വലിയൊരു ഓണ്‍ലൈന്‍ വ്യവസായത്തിന്റെ ആദ്യ കാല്‍വെയ്പ്പ് അവിടെ തുടങ്ങുകയായിരുന്നു. ചൈനയിലെ അത്രയൊന്നും അറിയപ്പെടാത്ത ഒരു നാട്ടില്‍ ഒരു ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനത്തിന് എന്ത് പ്രസക്തി എന്ന് ചോദിച്ചവരോട് ജാക്ക് മായ്ക്ക് ചൂണ്ടിക്കാണിക്കാന്‍ മുന്നിലൊരു ഉദാഹരണമുണ്ടായിരുന്നു. നോക്കിയ, ഫിന്‍ലാന്റിലെ ഒരു കുഞ്ഞു ദ്വീപിലാണ് നോക്കിയ ആദ്യമാരംഭിച്ചത്.

പ്രതീക്ഷ കൈവിടുന്ന, പരാതി മാത്രം പറയുന്ന യുവത്വത്തോട് ജാക്ക് മാ പറയുന്നു, ‘എന്നെ ഞാന്‍ കാണുന്നത് തന്നെ മൈനസ് നിലവാരത്തിലാണ്. കോളേജില്‍ ചേരാനുള്ള പ്രവേശന പരീക്ഷ മൂന്നു പ്രാവശ്യം തോറ്റവനാണ് ഞാന്‍. സ്‌കൂളില്‍ തോറ്റത് രണ്ട് തവണ. മിഡില്‍ സ്‌കൂളിലും തോറ്റു രണ്ട് തവണ. പിന്നെ ജോലിക്ക് ശ്രമിച്ചു. 30 ജോലികള്‍ക്ക് അപേക്ഷിച്ചതില്‍ ഒന്നുപോലും ലഭിച്ചില്ല. പോലീസില്‍ ചേരാനാഗ്രഹിച്ചു. അതും പഠന നിലവാരം കാരണം സാധിച്ചില്ല. കെ.എഫ്.സി ചൈനയില്‍ ആരംഭിച്ചപ്പോള്‍ അവിടെയും ജോലിയന്വേഷിച്ച് പോയി. 24 പേരുണ്ടായിരുന്നതില്‍ 23 പേരെയും അവര്‍ ജോലിക്കെടുത്തു. പുറത്താക്കപ്പെട്ട ആ ഇരുപത്തിനാലാമന്‍ ഞാനായിരുന്നു. ഓര്‍ക്കുക. നിങ്ങള്‍ പരാതി പറയാന്‍ ആരംഭിക്കുന്നത് മുതല്‍ നിങ്ങളുടെ പതനം ആരംഭിക്കും.’

ജാക്ക് മാ തന്റെ 54-ാം പിറന്നാള്‍ ദിനത്തില്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിരമിക്കുകയാണ്. വെറുതെ ഇരിക്കാനല്ല, പതിനെട്ട് വര്‍ഷം മുന്‍പ് അഴിച്ചു വെച്ച അധ്യാപകന്റെ കുപ്പായം വീണ്ടും അണിയാന്‍. പടിയിറങ്ങുന്നത് കേവലമൊരു ബിസിനസുകാരനല്ല. ചൈനീസ് ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പിതാമഹന്‍ കൂടിയാണ്. ഒരു യുഗത്തിനാണ് ഇതോടെ അന്ത്യമാവുന്നത്.
ജാക്ക് മാ വിരമിക്കുന്ന ദിനം ചൈനയിലെ അധ്യാപക ദിനം കൂടിയാണ്.

Related posts