കൂണിൽനിന്നും കൈതയുടെ ഇലയിൽനിന്നും ഏത്തപ്പഴത്തിന്റെ തൊലിയിൽനിന്നുമൊക്കെ വസ്ത്രനിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ നിർമിക്കുന്നതിനുള്ള പരിശ്രമങ്ങൾ വിജയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ഒരു ഉപയോഗവുമില്ലെന്ന് നമ്മൾ കരുതുന്ന കാപ്പികുരുവിന്റെ തൊണ്ടും ഉപയോഗിച്ച് വസ്ത്രങ്ങൾ നിർമിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു അമേരിക്കൻ കന്പനി.
അമേരിക്കയിലെ സോൾട്ട് ലേക്ക് സിറ്റിയിലുള്ള കോളാട്രീ എന്ന കന്പനിയാണ് പ്ലാസ്റ്റിക് കുപ്പികളും കാപ്പിക്കുരു തൊണ്ടും ഉപയോഗിച്ച് ജാക്കറ്റുകൾ നിർമിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉരുക്കി അവയിൽ കാപ്പിക്കുരിവിന്റെ തൊണ്ട് പൊടിച്ച് ചേർത്താണ് ജാക്കറ്റ് നിർമിക്കുന്നതിനുള്ള നൂല് തയാറാക്കുന്നത്.
ഒരു ജാക്കറ്റ് ഉണ്ടാക്കണമെങ്കില് മൂന്ന് കപ്പ് കാപ്പിക്കുരുവും പത്തു പ്ലാസ്റ്റിക് കുപ്പികളും വേണം. ജാക്കറ്റിന് കാപ്പിയുടെ മണമൊന്നും ഉണ്ടാവില്ല. ലൈറ്റ്വെയ്റ്റായ ഈ ജാക്കറ്റുകൾ വേഗത്തിൽ ഉണങ്ങുന്നവയും അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ കഴിയുന്നവയുമാണെന്ന് കന്പനി ഉറപ്പുനൽകുന്നു.
പച്ച, ചുവപ്പ് , കറുപ്പ് തുടങ്ങി പല നിറങ്ങളിൽ ഈ ജാക്കറ്റ് ലഭ്യമാണ്. സ്കോട്ടിഷ് കന്പനിയായ ഫിൻദ്രയും സമാനമായ ജാക്കറ്റ് നിർമിച്ചിട്ടുണ്ട്. ഇപ്പോൾ കന്പനി വെബ് സൈറ്റിലൂടെ മാത്രം വിൽപ്പന നടത്തുന്ന ഈ ജാക്കറ്റുകൾ താമസിക്കാതെ ഓഫ്ലൈൻ മാർക്കറ്റുകളിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.