ഒറ്റപ്പാലം: ചക്കയെ കേരളത്തിന്റെ ഒൗദ്യോഗിക ഫലമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതിനു കാരണക്കാരനായത് ഒറ്റപ്പാലം സ്വദേശി ബാലകൃഷ്ണൻ മാസ്റ്റർ. മന്ത്രി തോമസ് ഐസക് തന്നെയാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ഇക്കാര്യം അറിയിച്ചത്.മലയാളിയുടെ പ്രിയപ്പെട്ട ചക്കപ്പഴത്തിന് സംസ്ഥാന സർക്കാരിന്റെ ഭാഗ്യമുദ്രകൂടി പതിഞ്ഞപ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മനിശേരി തൃക്കങ്ങോട് സ്വദേശി ബാലകൃഷ്ണൻ മാസ്റ്ററാണ്.
മാസ്റ്ററുടെ വീടിരിക്കുന്ന പനയംകണ്ടത്ത് മഠത്തിൽ വിശാലമായ പറന്പിൽ തലയുയർത്തി നില്ക്കുന്ന പ്ലാവുകളിൽ നിറയെ മധുരമൂറുന്ന വരിക്കചക്കകളുണ്ട്. ചക്കയെ മലയാളികൾ ബോധപൂർവം വിസ്മരിക്കുന്നത് ബാലകൃഷ്ണനിൽ നൊന്പരമുയർത്തിയതിൽ തുടങ്ങുന്നു ചക്കയുടെ വിജയഗാഥ. പിന്നെ സംസ്ഥാന സർക്കാരിനും കൃഷിമന്ത്രിക്കും നിരന്തരം എഴുത്തുകുത്തുകൾ നടത്തുന്ന തിരക്കിലായി ബാലകൃഷ്ണൻ മാസ്റ്റർ.
സുലഭമായി ലഭിക്കുന്ന ചക്കയ്ക്ക് അയൽനാടുകളിലും വിദേശത്തും പ്രിയം കൂടിവരികയാണെന്നും, ചക്കയെ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിതരണം ചെയ്യാൻകഴിഞ്ഞാൽ സംസ്ഥാനത്തിന്റെ സന്പദ്ഘടനയ്ക്ക് അത് കൈത്താങ്ങാകുമെന്നും ബാലകൃഷ്ണൻ പറഞ്ഞുവച്ചപ്പോൾ കൃഷിമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഈ ആശയം ബോധ്യമായി.
ബാലകൃഷ്ണൻ മാസ്റ്ററെ ധനമന്ത്രി ഫോണിൽ നേരിട്ടു വിളിച്ചാണ് ചക്കയുടെ ഒൗദ്യോഗിക വിവരം അറിയിച്ചത്. ആലത്തൂർ കാവശേരി സ്കൂളിൽ പ്രധാനാധ്യാപകനായ ഇദ്ദേഹത്തിനു പാലക്കാട് ജില്ലാ വനമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്. ഇതിനിടെ ചക്കയ്ക്കുകൂടി അംഗീകാരം ലഭിച്ചതിന്റെ ഇരട്ടിമധുരത്തിലാണ് മാസ്റ്റർ.