ബേബി സെബാസ്റ്റ്യൻ
വെമ്പുവ: ഗ്രാമീണ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൃഷിഭൂമിയിൽ നട്ടുവളർത്തുന്ന പ്ലാവുകളിൽ സംസ്ഥാന ഫലമായ ചക്കകളുടെ ദൃശ്യവിരുന്ന്.
പയ്യാവൂരിനടുത്ത് വെമ്പുവയിൽനിന്ന് കരിമ്പക്കണ്ടിയിലേക്കുള്ള റോഡരികിലാണ് ഈ അപൂർവ കാഴ്ച വിസ്മയം.
ഇന്ത്യൻ ആർമിയിൽ ഇലക്ട്രിക് മെക്കാനിക്കൽ എൻജിനിയറായി വിരമിച്ച വെമ്പുവ സ്വദേശി കെ.എസ്. മാത്യു എന്ന കുരീക്കാട്ടിൽ പാപ്പച്ചന്റെ കൃഷിയിടത്തിലാണ് റോഡിനിരുഭാഗത്തുമായുള്ള പ്ലാവുകളിൽ ചക്കകൾ നിറഞ്ഞു നിൽക്കുന്നത്.
“ജയ് ജവാൻ, ജയ് കിസാൻ’ എന്ന ആപ്തവാക്യം സ്വന്തം ജീവിതത്തിലൂടെ അന്വർഥമാക്കുന്ന പാപ്പച്ചൻ വിവിധയിനങ്ങളിലുള്ള നൂറിലേറെ പ്ലാവുകളാണ് തന്റെ കൃഷിയിടത്തിലും റോഡിനോട് ചേർന്ന ഭാഗങ്ങളിലുമായി നട്ടുപിടിപ്പിച്ചിരിക്കുന്നത്.
ഇതുവഴി കടന്നു പോകുന്നവരിൽ ആവശ്യമുള്ളവർക്ക് അദ്ദേഹം സൗജന്യമായും ചക്ക നൽകാറുമുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലമായിരിക്കാം ഇക്കൊല്ലം ചക്കയുടെ വിളവ് മുൻവർഷത്തേക്കാൾ വളരെ കുറവാണെന്നും പാപ്പച്ചൻ ചേട്ടൻ പറഞ്ഞു.
മുപ്പത്തഞ്ചു വർഷക്കാലം ഇന്ത്യൻ കരസേനയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം മികച്ച കർഷകനുമാണ്. നിരവധിയിനം ഫലവൃക്ഷങ്ങൾ കൃഷി ചെയ്തിട്ടുള്ള ഇദ്ദേഹം കമുകിൻ തൈകൾ നട്ടപ്പോൾ അവയ്ക്ക് തണലിനു വേണ്ടിയാണ് പ്ലാവുകൾ വച്ചുപിടിപ്പിച്ചത്.
വർഷങ്ങൾക്ക് ശേഷം കമുകുകൾ ഇല്ലാതായതോടെ പ്ലാവുകളെ സംരക്ഷിക്കുകയായിരുന്നു. ഇപ്പോൾ മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഔഷധ വിഭവം കൂടിയായ ചക്ക ധാരാളമായി ലഭ്യമാക്കുന്നതിനൊപ്പം കടുത്ത വേനൽചൂടിൽ വഴിയാത്രക്കാർക്ക് ആശ്വാസം പകരുന്ന തണലായും മാറുകയാണ് ഈ പ്ലാവുകൾ.
പ്ലാവുകളെ കൂടാതെ റബർ, തെങ്ങ്, കമുക്, മാവ്, കൊക്കോ എന്നിവയടക്കം വിവിധയിനം ഫലവൃക്ഷങ്ങളും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. പയ്യാവൂരിലെ എക്സ് സർവീസ്മെൻ സംഘടനയുടെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് പാപ്പച്ചൻ.
സീനിയർ സിറ്റിസൺ ഫോറം, കത്തോലിക്ക കോൺഗ്രസ് എന്നിവയുടെ ചുമതലയും വഹിക്കുന്നുണ്ട്. റിട്ട.അധ്യാപിക സെലിനാണ് ഭാര്യ. വിദേശത്ത് ജോലി ചെയ്യുന്ന സീമ മാത്യു, സജിത്ത് മാത്യു എന്നിവർ മക്കളാണ്.