കോട്ടയം: ലോക്ഡൗണിലെ താരം ഏതെന്നു ചോദിച്ചാൽ എല്ലാവരും പറയും ചക്കയാണെന്ന്. അതേ… റെഡ് സോണ്‍ ആണെങ്കിലും ഗ്രീൻ സോണ്‍ ആണെങ്കിലും സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫലമായ ചക്കയാണ് ഇന്ന് എല്ലാവരുടെയും ഭക്ഷ്യവിഭവങ്ങളിൽ പ്രധാനം.
ചക്ക പുഴുങ്ങിയത്, ചക്ക വേവിച്ചത്, ചക്കക്കുരു മാങ്ങാക്കറി, ചക്കക്കുരു ഷേക്ക് വരെയായി അടുക്കളയിലെ താരമാണ് ചക്ക. പച്ചക്കറികൾക്കും മറ്റു സാധനങ്ങൾക്കും വില കുതിച്ചതോടെ ലോക്ഡൗണ്‍ കാലയളവിൽ പുരയടത്തിനു പുറത്തിറങ്ങാതെ തന്നെ ആളുകൾക്ക് കിട്ടാവുന്ന ഭക്ഷ്യ ഉത്പന്നമായി ചക്കമാറി.
മിക്ക വീടുകളിലും കഴിഞ്ഞ ഒരുമാസമായി ചക്കപ്പുഴുക്കും ചക്കക്കുരു ഉപയോഗിച്ചുള്ള വിവിധ കറികളുമാണ് പ്രധാന വിഭവങ്ങൾ. ചക്ക വറുത്തത്, ചക്ക വിളയിച്ചത്, ചക്കപ്പഴം ഉപയോഗിച്ചുള്ള കുന്പിളപ്പം തുടങ്ങി വിവിധ രീതികളിലും രുചികളിലും ചക്കയെ മാറ്റുകയാണ്.
ഇടിച്ചക്ക തോരനും ചക്കയുടെ കൂഞ്ഞ് ഉപയോഗിച്ചുള്ള കറികൾ എന്നിവയും ഉച്ചഭക്ഷണത്തിലെ സ്പെഷൽ കറികളാണ്. പുതു തലമുറ ചക്കക്കരു ഉപയോഗിച്ച് ഷേക്ക് വരെയുണ്ടാക്കി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചക്കക്കുരു ഷേക്കാണ് താരം.
ഒരു പറന്പിൽ ചക്കയിട്ടാൽ അടുത്ത വീട്ടിലും കൊടുത്ത് അയൽ സൗഹൃദത്തിന്റെ തിളക്കം കൂട്ടുന്ന കാഴ്ചയും ലോക്ഡൗണ്‍ സമയത്ത് കാണാനായി. ചിലരാകട്ടെ ചക്ക വൻ തോതിൽ പറിച്ച് ഉണങ്ങി സൂക്ഷിക്കുന്നുമുണ്ട്. പച്ചക്കറിക്ക് ക്ഷാമവും വിലവർധനയും ഉണ്ടാതോടെ ചക്കയ്ക്ക് ആവശ്യക്കാരേറെയാണ്.
പച്ചക്കറികടകളിലും നാടൻ വിപണിയിലും ചക്കയ്ക്ക് ആവശ്യക്കാരേറെ. പലയിടത്തും വഴിയോര കച്ചവടവും തുടങ്ങി. ചക്കയ്ക്ക് കിലോഗ്രാമിനു 15 രൂപ മുതൽ 25 രൂപവരെയാണ് പലയിടങ്ങളിലും ഈടാക്കുന്നത്. ചക്കക്കരുവിന് കിലോയ്ക്ക് 60 മുതൽ 80 രൂപവരെ ഈടാക്കുന്നുണ്ട്.