പാറ്റ്ന: പോലീസുകാർക്ക് ചക്കപ്പഴം സൗജന്യമായി നൽകാൻ വിസമ്മതിച്ച 14 വയസുകാരനെതിരെ ബൈക്ക് മോഷണം കുറ്റം ചുമത്തി കേസെടുത്തെന്ന് പരാതി. ബിഹാറിലെ അഗംകുവാൻ പോലീസാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
മാർച്ച് 19നാണ് പാറ്റ്നയിലെ ചിത്രഗുപ്ത നഗർ സ്വദേശിയായ പച്ചക്കറി വിൽപ്പനക്കാരന്റെ മകനെതിരെ പോലീസ് കേസെടുത്തത്. ചക്കപ്പഴം സൗജന്യമായി നൽകാൻ വിസമ്മതിച്ച കുട്ടിയെ മര്യാദ പഠിപ്പിക്കാൻ കേസെടുത്തെന്നാണ് റിപ്പോർട്ട്. കുട്ടിക്ക് 19 വയസുണ്ടെന്ന് എഴുതി ചേർത്താണ് പോലീസ് കേസെടുത്തത്. 14 വയസ് മാത്രമുള്ള കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും ജാമ്യം ലഭിച്ചില്ലെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.
പാറ്റ്ന സോണൽ ഐജി എൻ.എച്ച്.ഖാൻ, ഡിഐജി രാജേഷ് കുമാർ, സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് എന്നീ ഉന്നത പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് അന്വേഷണ ഉദ്യോഗസ്ഥർ. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കടുത്ത ശിക്ഷ നൽകുമെന്ന് പാറ്റ്ന സോൽ ഐജി എൻ.എച്ച്.ഖാൻ പറഞ്ഞു.