ബ്രൂസ്ലിയ്ക്കു ശേഷം കുങ്ഫുവിലൂടെ ലോകം കീഴടക്കിയ ഇതിഹാസമാണ് ജാക്കിച്ചാന്. പ്രായം 64 ഉണ്ടെങ്കിലും ആക്ഷനില്‍ ജാക്കിച്ചാന്റെ സിംഹാസനം ഇപ്പോഴും ഇളക്കം തട്ടാതെ ഇരിക്കുന്നു. കോടിക്കണക്കിന് ആരാധകരുടെ ഇഷ്ടതാരമാണെങ്കിലും ഒരു കാലത്ത് താന്‍ കുത്തഴിഞ്ഞ ജീവിതത്തിന്റെ ഉടമയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു കാലത്ത് സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് തുറന്നു പറയുകയാണ് ജാക്കിച്ചാന്. ഈ മാസം പുറത്തിറങ്ങുന്ന ആത്മകഥ ‘നെവര്‍ ഗ്രോ അപ്പി’ലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ഹോങ്കോങിലെ സാധാരണ കുടുംബത്തില്‍ പിറന്ന ജാക്കി ചാന് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി വളര്‍ന്നതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ആയിരുന്നു. പ്രതിസന്ധികളിലൂടെയായിരുന്നു കുട്ടിക്കാലം. ഇപ്പോഴും വായിക്കാനും എഴുതാനും തനിക്ക് അറിയില്ലെന്ന് തുറന്നു സമ്മതിക്കുന്ന ജാക്കിച്ചാന്റെ കുട്ടിക്കാലം മികച്ചതായിരുന്നില്ല. പഠിക്കാന്‍ മോശമായ ജാക്കിച്ചാനെ പിതാവ് ഓപ്പറ സ്കൂളില്‍ അയച്ചാണ് പഠിപ്പിച്ചത്. ക്രുരമായി വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചിരുന്ന ആ സ്കൂളില്‍ അഭിനയവും ആയോധന കലയും പഠിക്കാന്‍ ജാക്കി ചാന് നിര്‍ബന്ധിതനാകുകയായിരുന്നു.
പതിനഞ്ചാം വയസിലായിരുന്നു ജാക്കിയുടെ മനസ്സില്‍ ആദ്യമായി ഒരു പ്രണയം മൊട്ടിട്ടത്. ചാങ് എന്ന സുന്ദരിയായിരുന്നു അതിനുകാരണം. എന്നാല്‍ വീട്ടുകാര്‍ വില്ലനായതോടെ ആ പ്രണയം തകര്‍ന്നു. എന്നാല്‍ അതിനു ശേഷവും ചാങ്ങിനെ ജാക്കിച്ചാന് സാമ്പത്തികമായി സഹായിച്ചിരുന്നു. ഹോങ്കോങിന് പുറത്തു പോയി ജോലി ചെയ്ത് കിട്ടുന്ന പണം മുഴുവന്‍ ചാങിനെ സഹായിക്കാനായിരുന്നു ചെലവഴിച്ചിരുന്നതും. തുണിക്കട നടത്തുകയായിരുന്നു. ചാങ്ങിനെ സഹായിക്കാന്‍ തന്റെ കൂട്ടുകാരെ ജാക്കി പണം നല്കി ഈ കടയില്‍ നിന്നും തുണിവാങ്ങാന്‍ പതിവായി അയയ്ക്കുമായിരുന്നു. ഒടുവില്‍ ജാക്കിയാണ് പണം അയക്കുന്നതെന്ന സത്യമറിഞ്ഞപ്പോള്‍ ചാങ് തുണിക്കട നിര്‍ത്തുകയായിരുന്നു. ഒരു കാലത്ത് തന്റെ എല്ലാമെല്ലായാമായിരുന്ന ചാങ്ങിനെ സഹായിക്കുന്നത് തനിക്ക് അതിയായ സന്തോഷം പ്രധാനം ചെയ്തിരുന്നുവെന്ന് ജാക്കിച്ചാന് എഴുതുന്നു.
1973 ല്‍ ബ്രൂസ് ലി എന്ന ഇതിഹാസതാരത്തിന് സൂപ്പര്‍താര പദവി നേടിക്കൊടുത്ത എന്റര്‍ ദ് ഡ്രാഗണ്‍ എന്ന എക്കാലത്തെയും വലിയ പണംവാരി പടത്തില്‍ തല കാണിച്ചു കൊണ്ടായിരുന്നു ജാക്കി ചാന്റെ സിനിമാപ്രവേശനം. സിനിമയില്‍ സംഘട്ടന സംവിധാനം നിര്‍വഹിക്കാന്‍ തുടങ്ങിയതോടെ ജാക്കിച്ചാന് എന്ന പേര് സിനിമാലോകത്തിന് പരിചയമായി തുടങ്ങി. ഹോങ്കോങിലെ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് ഗ്രൂപ്പ് സിനിമയിലേക്ക് സ്റ്റണ്ട് ചെയ്യാന്‍ വിളിക്കാന്‍ തുടങ്ങിയതോടെ തലവര മാറി. ഓപ്പറ സ്കൂള്‍ മുതല്‍ കൂട്ടുകാരനായിരുന്ന സോമാഹാങ്ങുമൊത്തായിരുന്നു ജാക്കി ഇക്കാര്യം നിര്‍വഹിച്ചിരുന്നത്.
1978ല്‍ പുറത്തിറങ്ങിയ സ്നേക്ക് ദി ഈഗിള്‍ ഷാഡോയാണ് ജാക്കി നായകനായ ആദ്യ ചിത്രം. ഡ്രങ്കന്‍ മാസ്റ്റര്‍, ഫീയര്‍ലെസ് ഹെയ്ന എന്നീ സിനിമകള്‍ വന്‍ ഹിറ്റായതോടെ പുതിയൊരു യുഗം പിറക്കുകയായിരുന്നു. സംഘടന സംവിധായകനായപ്പോഴും നായകനായി മാറിയപ്പോഴും കിട്ടയതില്‍ ഭൂരിഭാഗം പണവും വേശ്യകള്‍ക്കും ചൂതാട്ടത്തിനും വേണ്ടിയായിരുന്നു ചെലവഴിച്ചതെന്നും ജാക്കി ചാന് പറയുന്നു. വ്യക്തിജീവിതത്തില്‍ സ്ത്രീകളെ ഒരിക്കലും താന്‍ ബഹുമാനിച്ചിരുന്നില്ല. കിടക്കറയില്‍ സുഖം തരുന്ന ഉപകരണങ്ങള്‍ മാത്രമായിരുന്നു അവര്‍. സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞുങ്ങളെ പോലും പരിഗണിക്കാത്ത തികച്ചും ക്രൂരനായിരുന്നു താനെന്നും ജാക്കി ചാന് പറയുന്നു.
എല്ലാ രാത്രികളിലും അതി സുന്ദരികളായി പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആനന്ദം. പലപ്പോഴും കൂട്ടത്തില്‍ കിടക്കുന്ന സ്ത്രീകളുടെ പേരുപോലും അറിഞ്ഞിരുന്നില്ല . ആദ്യ പ്രണയകാലത്ത് കാമുകി വീട്ടില്‍ ഉണ്ടായിരിക്കുമ്പോള്‍ പോലും വീട്ടിലെത്തിയാലുടന്‍ താരം ചൂതുകളിക്കാനും മദ്യപിക്കാനുമായി ഓടുമായിരുന്നു.അക്കാലത്ത് മദ്യപിച്ച് വണ്ടിയോടിച്ച് രാത്രിയില്‍ പോര്‍ഷെ കാറും പകല്‍ മെഴ്സിഡസും എന്ന കണക്കില്‍ അപകടം ഉണ്ടാക്കുമായിരുന്നു.
തായ് വാനിലേക്കുള്ള യാത്രയ്ക്കിടെയാണ് ജാക്കി ഭാവി ഭാര്യ ജൊവാന് ലിന്നിനെ കണ്ടുമുട്ടുന്നത്.അന്ന് ഏറെപ്പേര്‍ ആരാധിച്ചിരുന്ന അറിയപ്പെടുന്ന നടിയായിരുന്നു ജോവാന്. താനാവട്ടെ അവളുടെ അടുത്ത് യാതൊരു മൂല്യവുമില്ലാത്ത കുങ്ഫൂ ആര്ടിസ്റ്റായിരുന്നു എന്നാണ് ജാക്കിച്ചാന് കുറിച്ചിരിക്കുന്നത്. 1981 ല്‍ ജോവന് ഗര്‍ഭിണിയാകും വരെ ഇരുവരും ബന്ധം രഹസ്യമായി സൂക്ഷിച്ചു. നടിയായ ജോവാന് ലിന്നിനോട് തോന്നിയത് ഭ്രാന്തമായ ആവേശമായിരുന്നു. ജോവാനാകട്ടെ അതിപ്രണയവും. ജോവാന് ലിന് ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കുകയായിരുന്നു. 1982 ലായിരുന്നു വിവാഹം. വിവാഹശേഷവും ധാരാളം കാമുകിമാരുണ്ടായി.
സുദീര്‍ഘമായ ദാമ്പത്യത്തിനുള്ള കാരണവും ജാക്കി, ജോവാന് നല്‍കുകയാണ്. തനിക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടമാണ് അവരെന്നും തനിക്ക് വേണ്ടി ജീവിതം ബലികഴിച്ച അവരെ ഏറെ ബഹുമാനിക്കുന്നെന്നും താരം പറയുന്നു. ഒരിക്കല്‍ ഭാര്യയുമായി വീട്ടില്‍ വഴക്കുണ്ടാക്കിയപ്പോള്‍ കുഞ്ഞായിരുന്ന മകനെ ഒരു കയ്യിലെടുത്ത് സോഫയിലേക്ക് എറിഞ്ഞെന്നും അതുകണ്ട് ജോവാന് പേടിച്ചുപോയെന്നും ജാക്കി പറയുന്നു. പിന്നീട് ഇക്കാര്യത്തില്‍ ജാക്കി മാപ്പു പറയുകയും ചെയ്തു.
സ്വാര്‍ത്ഥനും എളുപ്പം മറ്റുള്ളവരുടെ വലയില്‍ വീഴുന്നയാളുമായ തന്റെ സ്വഭാവത്തിന്റെ നേരെ വിപരീതമായിരുന്നു ജോവാന്റെ സ്വഭാവമെന്നും തന്നെ തന്റെ വഴിക്ക് അവര്‍ വിട്ടെങ്കിലും അവരെ താന്‍ വീണ്ടും വഞ്ചിച്ചുവെന്നും ജാക്കി പറയുന്നു.1990 ല്‍ മിസ് ഏഷ്യ പട്ടം നേടിയ എലൈന്‍ എന്‍ജിയുമായി സ്നേഹബന്ധം ഉണ്ടായിരുന്നു. ആ ബന്ധത്തില്‍ എറ്റ എന്‍ജി എന്ന മകള്‍ പിറന്നു. മകള്‍ പിറന്നതോടെ എലൈന്‍ ജാക്കിച്ചാനുമായി അകന്നു. മകളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തു. എലൈന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജാക്കിചാന് വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞത് ലോകത്തെ പുരുഷന്മാര്ക്ക് പറ്റുന്ന പിഴവ് തനിക്കും പറ്റിയെന്നാണ്.
അന്ന് വീട്ടിലെത്തിയ ജാക്കി ഭാര്യയോടും മകനോടും വിവരം പറഞ്ഞു. കരയുകയായിരുന്നു ജോവാന്റെ പ്രതികരണം. മകന് തുറിച്ചുനോക്കി. എന്നാല്‍ പിന്നീട് രണ്ടുപേരും താരത്തിന് മാപ്പു കൊടുത്തു. താന്‍ ഒരിക്കലും ഒരു നല്ല പിതാവോ ഭര്‍ത്താവോ ആയിരുന്നില്ലെന്നും എന്നാല്‍ ആ രണ്ടു റോളിലും പരാജയമായിരുന്നില്ലെന്നും ജാക്കി പറയുന്നു. അതേസമയം എലൈനിലുള്ള മകള്‍ എറ്റയെക്കുറിച്ച് പുസ്തകത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. തന്റെ ജൈവപരമായ പിതൃത്വം മാത്രമാണ് അതെന്നും അയാള്‍ തന്റെ പിതാവ് അല്ലെന്നും അത്തരം ഒരു വികാരമേ തനിക്കില്ലെന്നുമാണ് പിതാവിനെക്കുറിച്ച് എറ്റ പറഞ്ഞത്. കഴിഞ്ഞ ദിവസം തന്റെ സ്വവര്‍ഗ്ഗ പങ്കാളിയെ വിവാഹം ചെയ്ത് എറ്റ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.
പെണ്‍സുഹൃത്ത് ആന്‍ഡി ഓട്ടത്തോടൊപ്പം ഹോങ്കോങ്ങിലെ ഒരു പാലത്തിനടിയിലാണ് താമസമെന്ന് എറ്റ യുട്യൂബിലൂടെ പുറത്തുവിട്ട വഡിയോയില്‍ അറിയിച്ചിരുന്നു. താന്‍ സ്വവര്‍ഗാനുരാഗിയെന്ന് അറിഞ്ഞതോടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചെന്നായിരുന്നു എറ്റയുടെ ആരോപണം. നേരത്തെ ലഹരി മരുന്ന് കേസില്‍ ജാക്കി ചാന്റെ മകനും ഗായകനുമായ ജെയ്സി ചാന് അറസ്റ്റിലായിരുന്നു.താരത്തിന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകര്‍.