വിർജീനിയ(യുഎസ്): ജാക്പോട്ട് നറുക്കെടുപ്പ് നടക്കാൻ മിനിറ്റുകൾ ശേഷിക്കേ വിർജീനിയക്കാരനായ ജോർജ് ഹർട്ട് സുഹൃത്തുക്കളുടെ മുന്നിൽ ഒരു പ്രവചനം നടത്തി. ലോട്ടറിയുടെ ഒന്നാം സമ്മാനം തനിക്കായിരിക്കുമെന്നായിരുന്നു ആ പ്രവചനം. കൂട്ടുകാർ അതൊരു തമാശയായി കരുതി തള്ളി.
എന്നാൽ, നറുക്കെടുപ്പ് ഫലം വന്നപ്പോൾ ജോര്‍ജ് ഹർട്ട് എടുത്ത ടിക്കറ്റിന് എട്ടു കോടിയുടെ ഒന്നാം സമ്മാനം. നികുതിയെല്ലാം കുറച്ചാലും 4.80 കോടി രൂപ കൈയിൽ കിട്ടും. പ്രവചനം ഫലിച്ചപ്പോൾ കൂട്ടുകാർ മാത്രമല്ല, ജോര്‍ജ് ഹർട്ടും അന്പരന്നു പോയെന്നാണു റിപ്പോർട്ട്.
രണ്ടു സഹപ്രവർത്തകരോടൊപ്പം മാർക്കറ്റ് സന്ദർശിച്ചപ്പോഴാണു വിർജീനിയ മില്യൺസ് ഗെയിമിൽനിന്നു നാല് സ്ക്രാച്ച് ഓഫ് ടിക്കറ്റുകൾ ജോർജ് വാങ്ങിയത്. അതിലൊന്നിനായിരുന്നു ജാക്പോട്ട്. ന്യൂജേഴ്സിയിലെ എക്കാലത്തെയും മികച്ച അഞ്ച് ജാക്പോട്ടുകളിലൊന്നാണിത്.
ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞപ്പോള്‍ ജോർജ് പറഞ്ഞത് “പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നു എന്നതിന് ഞാൻ തെളിവാണ്’എന്നായിരുന്നു. പണം ഏങ്ങനെ ചെലവഴിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
13 വർഷമായി ജോർജ് ലോട്ടറി എടുക്കുന്നുണ്ടെന്നു ടിക്കറ്റ് വിറ്റ സ്റ്റോറിന്റെ ഉടമയായ തിമിർ പട്ടേൽ പറഞ്ഞു. ടിക്കറ്റ് വിൽപനക്കാരന് 25 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.