കിലുക്കം സിനിമയില്‍ ലോട്ടറിയടിച്ചെന്നറിഞ്ഞ് ബോധംകെട്ടു വീണ ഇന്നസെന്റിനെ പോലെ ആദ്യം പകച്ചുപോയെന്നായിരുന്നു ശ്രീരാജ് കൃഷ്ണന്റെ ആദ്യ പ്രതികരണം. ആരാണ് ശ്രീരാജെന്നല്ലേ. ദുബായില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഏഴ് മില്യണ്‍ ദിര്‍ഹത്തിന്റെ ഭാഗ്യം തേടിയെത്തിയ മലയാളിയാണ് പാലക്കാട് സ്വദേശിയായ ശ്രീരാജ്. ഏകദേശം 12,72,35,476 രൂപയുടെ ജാക്പോട്ടാണ് ഈ ചെറുപ്പക്കാരനെ തേടിയെത്തിയത്. യുഎഇയില്‍ ഷിപ്പിംഗ് കോഓര്‍ഡിനേറ്ററായി ജോലി നോക്കുകയാണ് ശ്രീരാജ്. മാര്‍ച്ച് അഞ്ചിന് നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ശ്രീരാജ് വിജയിയായത്.
കഴിഞ്ഞ ഒന്‍പതു വര്‍ഷമായി യുഎഇയില്‍ ജോലി നോക്കുന്ന ശ്രീരാജ് ബിഗ് ടിക്കറ്റ് സ്ഥിരം വാങ്ങാറുണ്ട്. എന്നാല്‍ ആദ്യമായാണ് ഭാഗ്യം തേടിയെത്തുന്നത്. 44698 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ശ്രീരാജ് സമ്മാനാര്‍ഹനായത്. സ്ഥിരമായി ടിക്കറ്റ് വാങ്ങാറുള്ള താന്‍ അവസാനത്തെ ടിക്കറ്റ് എന്ന് കരുതിയാണ് ഈ ടിക്കറ്റ് എടുത്തത്. എന്തായാലും ഇത് താന്‍ അവസാനമായി വാങ്ങിയ ടിക്കറ്റ് ആയിരിക്കുമെന്നും ശ്രീരാജ് പറയുന്നു.
പ്രതിമാസം 6000 ദിര്‍ഹം ശമ്പളത്തിനാണ് ശ്രീരാജ് ജോലി ചെയ്യുന്നത്. സമ്മാനത്തുകയില്‍ നിന്ന് നാട്ടിലെ വീടിന്റെ ലോണ്‍ അടച്ചുതീര്‍ക്കുകയാണ് പ്രഥമലക്ഷ്യമെന്ന് ശ്രീരാജ് പറഞ്ഞു. അശ്വതിയാണ് ശ്രീരജിന്റെ ഭാര്യ. അശ്വതിയും അബുദാബിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി ജോലി നോക്കി വരികയാണ്. കോടീശ്വരനായി മാറിയെങ്കിലും യുഎഇയിലെ ജോലി ഉപേക്ഷിച്ച് പോകാന്‍ പദ്ധതിയൊന്നുമില്ലെന്ന് ദമ്പതികള്‍ വ്യക്തമാക്കി.