ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: മലഞ്ചെരിവിൽ തിങ്ങിനിറഞ്ഞിരുന്ന റബർമരങ്ങൾക്കുപകരം പ്ലാവിൻതൈകളുടെ ഹരിതഭൂമിക. ഒരുവർഷം മാത്രം പ്രായമായ പ്ലാവിൻതൈകളിൽ ചക്ക നിറയുന്നു.
ഇത് വാൽക്കുളന്പിനടുത്ത് ചിറ്റ കോന്പുട്ടികുളന്പിലെ വിമുക്തഭടൻ രാജഗോപാലിന്റെ പ്ലാവിൻതോട്ടം. ഇവിടെ പ്ലാവിൻ തൈകൾ കുറച്ചൊന്നുമല്ല.
അഞ്ചേക്കറിലായി അഞ്ഞൂറു പ്ലാവിൻതൈകൾ അതിശയിപ്പിക്കുന്ന വേഗത്തിൽ വളർന്നുവരുന്നു. ഒരുവർഷംമുന്പ് നട്ട ഇവയിൽ 60 തൈകളിൽ ചക്കനിറഞ്ഞു തുടങ്ങി.
വരുംദിവസങ്ങളിൽ കൂടുതൽ തൈകളിൽ കൂടി ചക്കയുണ്ടാകും. നല്ല കരുത്തിൽ ചുറ്റും ശാഖകളോടെയാണ് വളർച്ച. ഒരു പക്ഷെ, ജില്ലയിലെ ആദ്യത്തെ പ്ലാവ് പ്ലാന്േറഷനാകും രാജഗോപാലിന്േറത്.
ഇത്രയും വിപുലമായ രീതിയിൽ പ്ലാവ് കൃഷി മറ്റു എവിടേയും കണ്ടിട്ടില്ലെന്ന് മേഖലയിൽ ചക്കപ്പഴ വിപ്ലവത്തിന് നേതൃത്വം നല്കുന്ന മംഗലംഡാം സെന്റ് ഫ്രാൻസീസ് സേവ്യർ ഫൊറോനാപള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലും സാക്ഷ്യപ്പെടുത്തുന്നു.
പതിനാലുമാസം കഴിഞ്ഞ തൈകൾക്ക് ഇപ്പോൾ തന്നെ രണ്ടാൾ പൊക്കമുണ്ട്. കുഞ്ഞൻ തൈകളുണ്ടെങ്കിലും അവയും വളർച്ചയുടെ ഘട്ടങ്ങളിലാണ്. വിയറ്റ്നാം ഏർലി സൂപ്പർ എന്നയിനം പ്ലാവിൻതൈകളാണ് ഇതെല്ലാം.
മിലിട്ടറിയിൽ ഉദ്യോഗസ്ഥനായിരുന്നു 66-കാരനായ രാജഗോപാലൻ. എന്നാൽ മണ്ണിൽ പണിയെടുക്കുന്നത്ര സംതൃപ്തി വൈറ്റ്കോളർ ജോലിക്ക് കിട്ടില്ലെന്നുകണ്ട് ജോലി രാജിവച്ചു. കുട്ടിക്കാലം മുതലേ കൃഷിയോടാണ് കന്പം.
കടുപ്പം കൂടിയ പണികളോടാണ് പ്രിയം കൂടുതൽ. രാജഗോപാലിന്റെ ഭാഷയിൽ പറഞ്ഞാൽ മല്ലുകൂടുതലുള്ള പണിവേണം. പറന്പിൽ എന്തെങ്കിലുമൊക്കെ കൃഷി ചെയ്ത് കർഷകനാണെന്ന് പറഞ്ഞ് നടക്കാനൊന്നും രാജഗോപാലൻ തയാറല്ല.
കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളകൾ തെരഞ്ഞെടുക്കുന്നതിനൊപ്പം ഭാവിയിലെ വിപണിമൂല്യം, പരിചരണ കുറവ് എന്നിവയെല്ലാം നോക്കിയാണ് പരീക്ഷണ കൃഷികൾക്ക് ഇറങ്ങുക. തീരുമാനിച്ചിറങ്ങിയാൽ പിന്നെ പിന്നോട്ടില്ല.
റബർ വെട്ടിമാറ്റി പ്ലാവിൻതൈ നടുന്പോൾ പലരും പിന്തിരിപ്പിച്ചെങ്കിലും മണ്ണ് ചതിക്കില്ലെന്ന പാരന്പര്യവാദങ്ങൾ മുൻനിർത്തി രാജഗോപാലൻ പ്ലാവ് കർഷകനാകുകയായിരുന്നു. ഭാര്യ ചന്ദ്രികയും മക്കളായ സുനിൽകുമാറും അനിൽരാജും പിന്തുണ പ്രഖ്യാപിച്ചതോടെ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല.
മംഗലംഡാമിൽ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലിനെ കണ്ട് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. തൈകൾ ഉൾപ്പെടെ എല്ലാ സഹായങ്ങളും ഫാ.ചെറിയാൻ ഉറപ്പ് നല്കി. ചെരിഞ്ഞ കൃഷിയിടത്തിൽ അർധവൃത്താകൃതിയിൽ പ്ലാറ്റ്ഫോം നിർമിച്ചു.
ചുറ്റും വാഹനം എത്താവുന്ന റോഡുണ്ടാക്കി. രണ്ടടി താഴ്ചയിൽ കുഴികളെടുത്ത് പത്തടി അകലത്തിൽ തൈകൾനട്ടു. ഉണക്ക ചാണക പൊടി മാത്രമാണ് മണ്ണിൽ വളമായി കലർത്തിയത്.
തൈകൾക്ക് ഏഴുമാസം പ്രായമായപ്പോൾ വീണ്ടും ചാണക പൊടിയിട്ടു. ഓരോതൈകൾക്കും 200 ഗ്രാം വീതം ഫാക്ടംഫോസ് വളവും നല്കി. ടാപ്പ് ഘടിപ്പിച്ച് വേനലിൽ നനച്ചു.
വീടിനു മുന്നിലെ മത്സ്യംവളർത്തുന്ന കുളത്തിലെ വെള്ളം കൊണ്ടായിരുന്നു നന. ഇത് പ്ലാവിൻതൈകളുടെ വളർച്ച വേഗത്തിലാക്കി. കുഞ്ഞൻ പ്ലാവുകളിലെല്ലാം ചക്ക നിറഞ്ഞു തൂങ്ങിയതോടെ പ്ലാവ് കൃഷിയെ പരിഹസിച്ചവരെല്ലാം തോട്ടംകണ്ട് അന്പരന്നു.
കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തൈകൾ വളരുന്നത് മറ്റു കർഷകർക്കെല്ലാം അവിശ്വസനീയമായ കാഴ്ചയാണിപ്പോൾ. പ്ലാവിൻതൈകൾക്കിടയിൽ ചേന്പ്, പയർ, വഴുതന, പച്ചമുളക്, മറ്റു പഴവർഗ ചെടികളും കൃഷി ചെയ്തിട്ടുണ്ട്.
തെങ്ങ്, കവുങ്ങ്, മാവിനങ്ങൾ, പഴവർഗങ്ങൾ തുടങ്ങി സമ്മിശ്രവിളകളുടെ വിസ്മയ കാഴ്ചകളാണ് രാജഗോപാലിന്റെ തോട്ടം നിറയെ.