ന്യൂസ്ലൻഡ് ക്രൈസ്റ്റ് ചർച്ചിലെ മുസ്ലീം പള്ളികളിൽ വെടിവെയ്പ്പുണ്ടായത് കണ്ണീരോടെയാണ് ലോകം കണ്ടത്. ആക്രമണത്തിന് ഇരയായവരോടുള്ള പ്രധാനമന്ത്രി ജസീന്ത ആർഡേണിന്റെ സഹാനുഭൂതി ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തിൽ തൊട്ടു. ആക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയ ജസീന്ത തലയിൽ തട്ടമിട്ടതും ലോക ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ ജസീന്തയെ കാണാനെത്തിയ യുവാവ് ഇസ്ലാം മതം സ്വീകരിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടപ്പോൾ ജസീന്ത നൽകിയ മറുപടിയാണ് കൈയടി നേടുന്നത്. “നിങ്ങൾ കാരണമാണ് ഞാൻ ഇന്നിവിടെ വന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഞാൻ കരയുകയായിരുന്നു. നിങ്ങളെ മറ്റ് നേതാക്കളും കണ്ടു പഠിക്കട്ടേയെന്ന് ഞാൻ ദൈവത്തോട് പ്രാർഥിച്ചു. നിങ്ങളും ഇസ്ലാം മതം സ്വീകരിക്കണം നമ്മളെ അള്ളാഹു സ്വർഗത്തിൽ ഒന്നിച്ചു ചേർക്കട്ട’.യുവാവ് പറഞ്ഞു.
“ഇസ്ലാം പഠിപ്പിക്കുന്നത് മനുഷ്യത്വമാണ്. ആ മനുഷ്യത്വം എനിക്കുണ്ടെന്നാണ് എന്റെ വിശ്വാസം’. ജസീന്ത മറുപടി നൽകി. ജസീന്തയുടെ വാക്കുകൾ ഓരോ വ്യക്തിയും ഏറ്റെടുത്തിരിക്കുകയാണ്. സ്വന്തം ജനങ്ങളോട് ഇത്രമേൽ അനുകമ്പയോടെ പെരുമാറുന്ന ഭരണാധികാരി മറ്റെല്ലാവർക്കും മാതൃകയാണെന്നാണ് ജസീന്ത ആർഡേണിനെക്കുറിച്ചുള്ള അഭിപ്രായം.