രാജാക്കാട്: ചിന്നക്കനാലിനു സമീപം നടുപ്പാറയിൽ സ്വകാര്യ റിസോർട്ട് ഉടമയെയും ജോലിക്കാരനെയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം ഉൗർജിതമാക്കി.ഗ്യാപ് റോഡിന് സമീപം പ്രവർത്തിക്കുന്ന കെ.കെ വർഗ്ഗീസ് പ്ലാന്റേഷൻസ് ഉടമസ്ഥതയിലുള്ള റിസോർട്ട് ഉടമ കോട്ടയം മാന്നാനം കൊച്ചയ്ക്കൽ ജേക്കബ്ബ് വർഗ്ഗീസ്(രാജേഷ്-40), ഇയാളുടെ ജോലിക്കാരനായ പെരിയകനാൽ ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലെയ്ന്സിൽ താമസിക്കുന്ന മുത്തയ്യ എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
റിസോർട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഡസ്റ്റർ കാറും കാണാതായിരുന്നു.കാർ മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി പ്രതി ഒളിവിൽ താമസിച്ചുവെന്ന സംശയത്തിന്റെ പേരിൽ ചേരിയാറിലുള്ള ഒരു വീട്ടിലെ ഭാര്യയേയും, ഭർത്താവിനേയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
ഏതാനും ദിവസങ്ങളായി സ്ഥാപനത്തിൽ ഡ്രൈവർ ജോലി ചെയ്തുകൊണ്ടിരുന്ന രാജകുമാരി കുളപ്പാറച്ചാൽ സ്വദേശിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണംം നടക്കുന്നത്.സംഭവത്തിിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട് ’ഗ്യാപ്പ് റോഡിനു താഴെഭാഗത്ത് ഒറ്റപ്പെട്ട സ്ഥലത്തെ നാൽപ്പത് ഏക്കറോളം വരുന്ന ഏലത്തോട്ടത്തിൽ ഹട്ടുകൾ ആയാണ് റിസോർട്ട് പ്രവർത്തിയ്ക്കുന്നത്.
മരിച്ച രാജേഷിന്റെ പിതാവ് ഡോക്ടർ വർഗ്ഗീസ് മൂന്നാറിൽ ഹാരിസൻ മലയാളം പ്ലാന്േറഷനിൽ ജോലിചെയ്തിരുന്നപ്പോൾ വാങ്ങിയ തോട്ടത്തിൽ റിസോർട്ട് സ്ഥാപിച്ചതും,നടത്തുന്നതും ഇയാളായിരുന്നു.ആറ് ദിവസം മുൻപാണ് ഒളിവിൽപ്പോയിരിക്കുന്ന കുളപ്പാറച്ചാൽ സ്വദേശി ഇവിടെ ജോലിക്ക് എത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് മുതൽ രാജേഷിനെയും,മുത്തയ്യയെയും കാണാനുണ്ടായിരുന്നില്ല.
ബന്ധുക്കൾ ഫോണിലേയ്ക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിയ്ക്കാതിരുന്നതിനെ തുടർന്ന് മുത്തയ്യയുടെ ബന്ധുക്കളും,മറ്റ് ജോലിക്കാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി.ഇന്നലെ രാവിലെ പതിനൊന്നോടെ എസ്റ്റേറ്റിലെ ഏലക്കാ ഡ്രയർ മുറിയിൽ മുത്തയ്യ തലയ്ക്ക് പരിക്കുകളോടെ മരിച്ചുകിടക്കുന്നത് കണ്ടു.തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിൽ തോട്ടത്തിലെ ഏലച്ചെടികൾക്കിടെ രാജേഷിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇയാളുടെ നെഞ്ചിൽ വെടിയേറ്റതുപോലുള്ള മുറിവും കണ്ടു.പതിവായി മുറ്റത്ത് കാണാറുള്ള കെ.എൽ 5 എ.എച്ച് 6296 നന്പർ കാറും,ഡ്രൈവർ കുളപ്പാറച്ചാൽ പഞ്ഞിപ്പറസിൻ ഗോപനെയും കാണാനുണ്ടായിരുന്നില്ല.നാട്ടുകാർ അറിയിച്ചതിൻ പ്രകാരം ശാന്തൻപാറ സി.ഐ എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പോലിസ് സ്ഥലത്തെത്തി. കൊലപാതകമാണെന്ന് പ്രാഥമിക നിഗമനത്തെത്തുടർന്ന് കോട്ടയം ഫോറൻസിക് വിഭാഗം മൃതദേഹ പരിശോധന നടത്തി.
സംഭവസ്ഥലത്ത് നിന്നും ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. മൊബൈൽ ഫോണും ലഭിച്ചിട്ടില്ല. ഇടുക്കി എസ്.പി വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം മൂന്നാർ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ബി വിനോദ്കുമാർ,കെ.പി രാധാകൃഷ്ണൻ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വംം വഹിക്കുന്നത്.രാജേഷിന്റെ മാതാവ് ഡോ.സുശീല വർഗ്ഗീസ്,ഭാര്യ കെസ്സിയ, ഏക മകൾ നതാനിയ.മുത്തുമാരി ആണ് മുത്തയ്യയുടെ ഭാര്യ. മക്കൾ പവിത്ര,പവിൻകുമാർ.