മാവേലിക്കര: സ്പെഷൽ സബ്ജയിലിൽ റിമാൻഡ് തടവുകാരൻ ശ്വാസനാളത്തിൽ തുവാല കുരുങ്ങി മരിച്ചതായി കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന സൂചനയുമായി മജിസ്ട്രേറ്റിന്റെ റിപ്പോർട്ട്. സാന്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ കോട്ടയം കുമരകം മഠത്തിൽ എം.ജെ.ജേക്കബി (68) നെ കഴിഞ്ഞ മാർച്ച് 21ന് പുലർച്ചെയാണ് ജയിലിൽ മരിച്ച നിലയിൽ കണ്ടത്. സംഭവം അന്വേഷിച്ച അന്നത്തെ മാവേലിക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവിജ രവീന്ദ്രനാണ് കൊലപാതക സൂചനയിലേക്ക് വിരൽ ചൂണ്ടിയത്.
സഹതടവുകാർ മർദിച്ചും ശ്വാസം മുട്ടിച്ചും ജേക്കബിനെ കൊലപ്പെടുത്തിയതാകാമെന്നും പോലീസ്, ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിന് പിന്നിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ജേക്കബിന്റെ കൈവിരലുകളിൽ ചതവിന്റെയും മുറിവിന്റെയും പാടുകൾ ഉണ്ടായിരുന്നെന്നും സംഭവത്തിൽ ജയിലധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ചയുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മറ്റ് 14 തടവുകാരോടൊപ്പം 11-ാം നന്പർ സെല്ലിൽ കഴിഞ്ഞിരുന്ന ജേക്കബ് തൂവാല തൊണ്ടയിൽ തിരുകി ജീവനൊടുക്കുകയായിരുന്നെന്നായിരുന്നു പോലീസിന്റെയും ജയിലധികൃതരുടെയും വാദം. എന്നാൽ തൂവാല തൊണ്ടയിൽ തിരുകി ആത്മഹത്യ ചെയ്യാനാകില്ലെന്നും മരണവെപ്രാള ലക്ഷണങ്ങൾ ശരീരത്തിലുണ്ടെന്നും മൃതദേഹ പരിശോധന നടത്തിയ പോലീസ് സർജൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
സർജന്റെ റിപ്പോർട്ട്, ജേക്കബിന്റെ ശരീരത്തിൽ കാണപ്പെട്ട പരിക്കുകൾ, സഹതടവുകാരുടെ മൊഴികളിലെ പൊരുത്തക്കേടുകൾ എന്നിവ വിലയിരുത്തിയാണ് മരണം കൊലപാതകമാണെന്ന് മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നത്.ജേക്കബിന്റെ പോക്കറ്റിൽ നിന്ന് പരിശോധനാവേളയിൽ തൂവാല താൻ എടുത്തിരുന്നതായി അസിസ്റ്റന്റ് പ്രിസണ് ഓഫീസർ സുജിത് മൊഴി നൽകിയിരുന്നു. എന്നാൽ പ്രവേശന സമയത്ത് ജേക്കബിനെ പരിശോധിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ തൂവാല ഉദ്യോഗസ്ഥൻ എടുക്കുന്നത് കാണാനായില്ല.
സഹതടവുകാരായ മനു.എസ്.നായരുടെയും സുനീഷിന്റെയും കൈവിരലുകളിൽ കടിയേറ്റ പാട് കണ്ടത് സംശയാസ്പദമാണെന്നും മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിലുണ്ട്. ജേക്കബിനെ ജയിലിലെത്തിച്ച ദിവസം രാത്രിയിൽ രണ്ട് തവണ സിസിടിവി കാമറകൾ പ്രവർത്തനരഹിതമായതായി കണ്ടെത്തിയിരുന്നു. ജയിലിൽ നിന്ന് അറിയിച്ചതനുസരിച്ച് കെൽട്രോണ് അധികൃതരെത്തി നടത്തിയ പരിശോധനയിൽ കാമറകൾക്ക് തകരാറൊന്നുമില്ലെന്ന് ബോധ്യപ്പെട്ടു.
ഇതിൽ നിന്നും സിസിടിവി ആരുടെയോ താൽപര്യത്തിന് ഓഫ് ചെയ്തതാണോ എന്ന സംശയം റിപ്പോർട്ടിലുണ്ട്. ജേക്കബിന്റെ മരണശേഷം അന്നത്തെ മാവേലിക്കര സിഐ മനുവിനെ ജയിൽ രജിസ്റ്ററിൽ രേഖപ്പെടുത്താതെ ജയിലിൽ സന്ദർശിച്ചത് ദുരൂഹമാണെന്ന് റിപ്പോർട്ടിൽ സൂചനയുണ്ട്. ജേക്കബിന്റെ കരച്ചിൽ കേട്ടെന്ന് കോടതിയിൽ മൊഴി നൽകിയ തടവുകാരനെ മറ്റൊരു തടവുകാരൻ മർദിച്ചതിനെപ്പറ്റി അന്വേഷിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
നിരപരാധിയാണ്: സിഐ
സംഭവത്തിൽ നിരപരാധിയാണെന്ന് അന്നത്തെ മാവേലിക്കര സിഐ വി.പി.മോഹൻലാൽ പ്രതികരിച്ചു. സബ്ജയിലിൽ പോയി മനു എന്ന പ്രതിയെ കണ്ടത് കഴിഞ്ഞ ഫെബ്രുവരി 23നാണ്. മനുവിന്റെ സഹോദരി തന്റെ അയൽവാസിയാണ്. മനു സുഖമില്ലാത്തയാളാണെന്നും ശ്രദ്ധിക്കണമെന്നും ജയിലധികൃതരെ അറിയിച്ച് മടങ്ങുകയും ചെയ്തു. മാർച്ച് നാലിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റി.
തടവുകാരൻ മരിച്ചത് മാർച്ച് 21നാണ്. അന്ന് താൻ തിരുവനന്തപുരത്ത് ഡ്യൂട്ടിയിലാണ്. ജയിലിലെ മരണത്തിനു ശേഷം ഉന്നത കോണ്ഗ്രസ് നേതാവും അന്നത്തെ സിഐയുമായി മുഷിഞ്ഞ് സംസാരിച്ചിരുന്നു. ആ സിഐ താനാണെന്ന തെറ്റിദ്ധാരണയിലാണ് മനപ്പൂർവം കേസിലേക്ക് വലിച്ചിഴച്ചത്. നിരപരാധിത്വം എവിടെയും ബോധ്യപ്പെടുത്താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
വീഴ്ചയില്ല: ജയിൽ സൂപ്രണ്ട്
ജയിലധികൃതരുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് നിലവിലെ മാവേലിക്കര സ്പെഷൽ ജയിൽ സൂപ്രണ്ട് എ.സമീറിന്റെ വാദം. പോലീസിനും ക്രൈംബ്രാഞ്ചിനും മജിസ്ട്രേറ്റിനും ജയിൽ ഡിഐജിയ്ക്കും വിശദമായ മൊഴി നൽകിയിട്ടുണ്ട്. സിസിടിവിയുടെ ഹാർഡ് ഡിസ്ക് വിശദമായ പരിശോധനയ്ക്കായി സൈബർസെല്ലിന് കൈമാറിയിരുന്നു. റിമാൻഡ് പ്രതിയുടെ മരണശേഷം സിഐ ജയിലിൽ വന്നിട്ടില്ലയെന്നാണ് രേഖകൾ വ്യക്തമാക്കുന്നതെന്നും സൂപ്രണ്ട് എ.സമീർ പറഞ്ഞു.