പത്തനംതിട്ട: ഉന്നതപോലീസ് ഉദ്യോഗസ്ഥർക്കെതിരേ ആരോപണങ്ങളുമായി പത്തനംതിട്ട എസ്പി ജേക്കബ് ജോബ്. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വ്യവസായി മുഹമ്മദ് നിസാമിനെ സഹായിച്ചെന്ന ആരോപണത്തിൽ താൻ കുറ്റക്കാരനല്ലെന്നും, നിസാമിനെ സഹായിച്ചത് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥരാണെന്നും ജേക്കബ് ജോബ് ആരോപിച്ചു.
തന്നെ വഞ്ചിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ അന്ന് ഹോട്ടലിൽ താമസിച്ചത് പ്രമുഖ നടിക്കൊപ്പമാണെന്നും പത്തനംതിട്ടയിൽ മാധ്യമ സെമിനാറിൽ സംസാരിക്കവെ അദ്ദേഹം തുറന്നടിച്ചു.
ചന്ദ്രബോസ് വധക്കേസിൽ ചെയ്യാത്ത കാര്യത്തിനാണ് തനിക്കെതിരേ നടപടിയുണ്ടായത്. ചില മേലുദ്യോഗസ്ഥർ തന്നെ വഞ്ചിക്കുകയായിരുന്നു. കേസിലെ പ്രതിയായ നിസാമിന് സൗകര്യം ചെയ്തുകൊടുത്തതു താനല്ല. നിസാം മൊബൈൽഫോണും ആഡംബരസൗകര്യങ്ങളും ഉപയോഗിച്ചിരുന്നത് ചില പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ്.
പോലീസുകാരിൽ ചിലർ നിസാമിന്റെ ഇടനിലക്കാരായി പ്രവർത്തിച്ചു. തന്നെ വഞ്ചിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ അന്ന് ഹോട്ടലിൽ താമസിച്ചത് പ്രമുഖ നടിക്കൊപ്പമായിരുന്നു. ഇങ്ങനെ പ്രവർത്തിച്ചവർ ഇപ്പോൾ സർവീസിൽ സുരക്ഷിതരായിരിക്കുകയാണെന്നും ജേക്കബ് ജോബ് ആരോപിച്ചു. ഈ മാസം 31ന് സർവീസിൽനിന്നു വിരമിക്കാനിരിക്കെയാണ് ജേക്കബ് ജോബിന്റെ തുറന്നുപറച്ചിൽ.
ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി വ്യവസായി മുഹമ്മദ് നിസാമിനെ ഒറ്റയ്ക്കു ചോദ്യംചെയ്തതിൽ ചട്ടലംഘനം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ സസ്പെൻഡ് ചെയ്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ അല്ലാതിരുന്നിട്ടും ജേക്കബ് ജോബ് മറ്റ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി പ്രതിയുമായി ഒരു മണിക്കൂറിലേറെ സംസാരിച്ചു. ഇതിനെതിരേ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നായിരുന്നു നടപടി.
എന്നാൽ, കേസന്വേഷണത്തിന്റെ ഭാഗമായി നിസാമിനെയും കൂട്ടി പോലീസ് ഉദ്യോഗസ്ഥർ ബംഗളൂരുവിലേക്കും മറ്റും പോയതു നിസാമിന്റെ ചെലവിലുള്ള വെറും വിനോദയാത്രയും ധൂർത്തുമായിരുന്നെന്ന ആരോപണത്തിലെ നിജസ്ഥിതി മനസിലാക്കാനാണ് മറ്റ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി നിസാമിനെ ചോദ്യംചെയ്തതെന്നു ജേക്കബ് ജോബ് വിശദീകരിച്ചു.
പോലീസിന്റെ കസ്റ്റഡിയിലിരിക്കെ നിസാം സ്വന്തം ഫോണുകൾ ഉപയോഗിച്ചിരുന്നു. ബർമുഡ ധരിച്ചു ഫോണിൽ സംസാരിക്കുന്നതിന്റെ ഫോട്ടോകൾ ചില മാധ്യമങ്ങളിലൂടെ പുറത്താകുകയും ചെയ്തു.
നിസാമിന്റെ സുഹൃത്തുക്കളാണെന്ന പേരിൽ പോലീസ് ഓഫീസർമാരെ തിരുനെൽവേലിയിലെ സ്വന്തം ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ചു. ബംഗളുരുവിലേക്കുള്ള യാത്രാമധ്യേ 16 മണിക്കൂർ പ്രതി നിസാമും പോലീസ് ഉദ്യോഗസ്ഥരും മുങ്ങുകയും ചെയ്തിരുന്നു.
പിന്നീട്, നിസാമിനെ ജേക്കബ് ജോബ് ഒറ്റയ്ക്കു ചോദ്യം ചെയ്തതിൽ അസ്വാഭാവികത ഇല്ലെന്നു വിജിലൻസ് റിപ്പോർട്ട് നൽകി. ഇതേതുടർന്ന് ഇദ്ദേഹത്തിന്റെ സസ്പെൻഷൻ റദ്ദാക്കി സർവീസിൽ പ്രവേശിപ്പിച്ചു.