ജോഹന്നാസ്ബർഗ്: ജയിലുകളെല്ലാം തടവുകാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു എന്ന കാരണം പറഞ്ഞ് മുൻ പ്രസിഡന്റ് ജേക്കബ് സുമയുടെ തടവുശിക്ഷ ദക്ഷിണാഫ്രിക്കൻ സർക്കാർ ഒഴിവാക്കിക്കൊടുത്തു.
കോടതിയലക്ഷ്യക്കേസിലെ ശിക്ഷ പുനരാരംഭിക്കാനായി സുമ ഇന്നലെ ക്വാസുലു-നറ്റാൽ പ്രവിശ്യയിലെ എസ്റ്റ്കോർഡ് ജയിലിൽ എത്തിയിരുന്നു. ഒരു മണിക്കൂറിനുശേഷം അദ്ദേഹത്തെ വിട്ടയച്ചു.
തടവുപുള്ളികളുടെ എണ്ണം കുറയ്ക്കാനായി സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണിതെന്നു നിയമമന്ത്രി റൊണാൾഡ് ലാമോല വിശദീകരിച്ചു. പ്രസിഡന്റ് സിറിൽ റാമഫോസ അംഗീകരിച്ച പദ്ധതി ഏപ്രിലിലാണു തുടങ്ങിയത്. ഇതു പ്രകാരം 9,000 തടവുകാരെയാണു മോചിപ്പിക്കുന്നത്.
2009 മുതൽ 2018 വരെയാണു സുമ ദക്ഷിണാഫ്രിക്ക ഭരിച്ചത്. ഇക്കാലത്ത് സാന്പത്തിക തിരിമറിയും സ്വജനപക്ഷപാതവും കാട്ടിയെന്ന ആരോപണം അന്വേഷിച്ച സമിതിക്കു മുന്പാകെ മൊഴി നല്കാൻ തയാറാകാത്തതിന്റെ പേരിലാണു സുമയ്ക്ക് 2021ൽ 15 മാസത്തെ ജയിൽശിക്ഷ വിധിച്ചത്.
ഇതേത്തുടർന്ന് ദക്ഷിണാഫ്രിക്കയിലുണ്ടായ കലാപത്തിൽ 350 പേർ മരിച്ചിരുന്നു.സുമ രണ്ടു മാസത്തിനുശേഷം ആരോഗ്യകാരണങ്ങളാൽ മെഡിക്കൽ പരോളിലിറങ്ങി. പരോൾ നിയമവിരുദ്ധമാണെന്ന വിധിയുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം വീണ്ടും ജയിലിൽ ഹാജരായത്.