എ.ജെ. വിൻസൻ
കാഞ്ഞാണി(തൃശൂർ): പ്രളയത്തിലകപ്പെട്ടവരുടെ വിഷമം കണ്ട ജേക്കബിന്റെ മനസലിഞ്ഞു. കാഞ്ഞാണിയിലെ ബ്രഹ്മകുളം, സിംല തിയറ്റര്‍ ഉടമയായ ബി.ആർ. ജേക്കബ്, തന്റെ സിംല മാള്‍ ഓഡിറ്റോറിയത്തിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്ന് മുന്നൂറോളം പേർക്ക് അഭയമേകി. എല്ലാവർക്കും സ്വന്തം ചെലവിൽതന്നെ എല്ലാ ദിവസവും വിഭവസമൃദ്ധമായ ഭക്ഷണവുമൊരുക്കി.
പ്രളയം തുടങ്ങിയ 16-ാംതീയതി മുതല്‍ ആരംഭിച്ച ഈ സമാന്തര ദുരിതാശ്വാസ ക്യാമ്പിന്റെ ചെലവെല്ലാം ഉടമ ജേക്കബ് സ്വന്തം പോക്കറ്റില്‍നിന്നു ചെലവഴിക്കുകയായിരുന്നു. ആരില്‍നിന്നും ഒന്നും വാങ്ങാതെ തിയറ്ററുകളുടെ ചുറ്റുവട്ടത്തുള്ള 65 കുടുംബങ്ങളില്‍നിന്നു 300 പേരെയാണ് ദുരിതാശ്വാസ ക്യാമ്പില്‍ താമസിപ്പിച്ചത്. വീടു തകര്‍ന്ന കുറച്ചു വീട്ടുകാര്‍കൂടി ഇന്നും മാളിലെ ക്യാമ്പിലെത്തും.
സിംല ഹോട്ടലില്‍ തയാറാക്കുന്ന അതേ ഭക്ഷണംതന്നെയാണ് സൗജന്യമായി ക്യാമ്പിലുള്ളവര്‍ക്കും നല്‍കിയത്. ദിവസേന പ്രാതല്‍, ബിരിയാണി, ചിക്കന്‍, ബീഫ്, മീന്‍, പിന്നെ വെജിറ്റേറിയന്‍ എന്നിങ്ങനെ വിളമ്പി. തിരുവോണസദ്യയും കെങ്കേമമാക്കി. എല്‍.സി.ഡി പ്രോജക്ടറും സ്ക്രീനും ക്യാമ്പില്‍ സ്ഥാപിച്ച് കാമുകി ഉള്‍പ്പടെ രണ്ടു സിനിമകളും ക്യാമ്പിലുള്ളവര്‍ക്കായി പ്രദര്‍ശിപ്പിച്ചു.
ജേക്കബിന്റെ ബ്രഹ്മകുളം തിയറ്ററിലും പ്രളയജലം കയറിയിരുന്നു. 25 എച്ച്.പിയുടെ രണ്ട് ജനറേറ്ററുകളും 15 എച്ച്.പിയുടെഒരു ജനറേറ്ററും വെള്ളം കയറി നശിച്ചു. തിയറ്ററിനുള്ളില്‍ കസേരക്കാലുകളില്വരെ വെള്ളമെത്തി. കുഷ്യനുകള്‍ നനഞ്ഞില്ലെന്നുമാത്രം. തിയറ്റര്‍ ഓഫീസും കോമ്പൗണ്ടുമെല്ലാം വെള്ളത്തിലായിരുന്നു. ഈ തിയറ്റര്‍ ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ക്കായി താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. സമീപത്തെ സിംല തിയറ്ററില്‍ മാത്രമാണ് സിനിമാപ്രദര്‍ശനം നടത്തുന്നത്.
പ്രളയം തുടങ്ങിയ ദിവസത്തെ ദുരിതക്കാഴ്ചകള്‍ ജേക്കബ് പങ്കുവച്ചു: തിയറ്ററിലേക്കു വെള്ളം കയറിവന്നപ്പോള്‍ സമീപത്തെ വിദ്യാര്‍ഥി റോഡിലും വെള്ളം കയറിയിരുന്നു. പരിസരത്തെ വീടുകളെല്ലാം മുങ്ങി. സമീപത്തെ ദുരിതാശ്വാസ ക്യാമ്പുകളിലും ആളുകള്‍ നിറഞ്ഞുകവിഞ്ഞു. ഈ സമയത്ത് എങ്ങോട്ടു പോകുമെന്നറിയാതെ ആളുകള്‍ വീടുകളില്‍ പരിഭ്രാന്തരായി നില്ക്കുന്ന അവസ്ഥ.
സിംല മാള്‍ അവര്‍ക്കു തുറന്നുകൊടുക്കുമെന്ന് അവര്‍പോലും കരുതിയിട്ടുണ്ടാവില്ല. ഞാന്‍തന്നെ രണ്ടുമൂന്ന് വീട്ടുകാരെ നേരിട്ടുപോയി വിളിച്ചുകൊണ്ടുവന്നു. മറ്റു വീടുകളിലുള്ളവരെ കൊണ്ടുവരാനും കുറച്ചുപേരെ ഏർപ്പാടാക്കി. ഒടുവിൽ 300 പേര് ക്യാമ്പിലെത്തുകയായിരുന്നു.
തന്റെ സ്ഥാപനത്തിന്റെ ചുറ്റുമുള്ളവരെ ആപത്തില്‍ സംരക്ഷിക്കേണ്ടതു തന്റെ കടമയാണെന്നാണ് ജേക്കബിന്റെ പക്ഷം. ക്യാമ്പില്‍നിന്നു കുറെപ്പേര് വീടുകളിലേക്കു തിരിച്ചുപോയി. ഇപ്പോഴും കുറച്ചുപേരുണ്ട്. വീടു തകര്‍ന്നുപോയ കുറച്ചുപേരെക്കൂടി താമസിപ്പിക്കണമെന്ന് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി വന്നു പറഞ്ഞു. ആ വീട്ടുകാര്‍ ഇന്നു രാവിലെ വരും. ജേക്കബ് കാത്തിരിക്കുകയാണ്…