തിരുവനന്തപുരം: സസ്പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസിന്റെ വിദേശയാത്ര അനുമതി സർക്കാർ നിഷേധിച്ചു. വിവിധ സർവകലാശാലകളിൽ ക്ലാസെടുക്കുന്നതിന് അടക്കം അമേരിക്ക, കാനഡ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിനുള്ള അനുമതിയാണു ചീഫ് സെക്രട്ടറി നിഷേധിച്ചത്.
കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെ സർക്കാർ രണ്ടാമതും സസ്പെൻഡ് ചെയ്തിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണവുമായി സഹകരിക്കാത്തതാണു വിദേശ യാത്രയ്ക്കുള്ള അനുമതി നിഷേധിക്കുന്നതിനു കാരണമായി ചീഫ് സെക്രട്ടറി പോൾ ആന്റണി ചൂണ്ടികാട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദ്ദേശ പ്രകാരമാണ് അനുമതി നിഷേധിച്ചതെന്നാണു സൂചന.
വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് മന്ത്രിമാരടക്കമുള്ള ഉന്നത നേതാക്കൾക്കെതിരേ അഴിമതിയുമായി ബന്ധപ്പെട്ടു കർശന നടപടി എടുത്തതായിരുന്നു സർക്കാരുമായി ഇടയാനുള്ള കാരണം. വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു മാറ്റിയ ശേഷം പൊതു ചടങ്ങിലും സമൂഹ മാധ്യമങ്ങൾ വഴിയും സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ തുടർന്നു അദ്ദേഹത്തെ സർവീസിൽസസ്പെൻഡു ചെയ്യുകയായിരുന്നു.
അമേരിക്ക, കാനഡ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രാനുമതി നൽകണമെന്നാവശ്യപ്പെട്ടാണു ജേക്കബ് തോമസ് മാർച്ച് 29 നു സർക്കാരിനെ സമീപിച്ചത്. ഈ മാസം 25 മുതൽ ഒരു മാസത്തെ വിദേശ സന്ദർശനത്തിനുള്ള അനുമതിയാണു തേടിയത്.