തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തിന് ചീഫ് സെക്രട്ടറിയില്ല. അഡീഷണൽ ചീഫ് സെക്രട്ടറി അടക്കം രണ്ട് പേരെയാണ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിനായി സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരു ചാനലാണ് പുറത്ത് വിട്ടത്.
ഓഖി ദുരന്തത്തിലെ ദുരിതാശ്വാസ നടപടികളെ പൊതുവേദിയിൽ പരിഹസിച്ച സംഭവത്തിലാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന പോലീസിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ ഡിജിപിക്കെതിരായ അന്വേഷണം ചീഫ് സെക്രട്ടറി പോൾ ആന്റണി നടത്താനായിരുന്നു ആദ്യ തീരുമാനം.