തിരുവനന്തപുരം: ഐഎംജി ഡയറക്ടർ ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ വലിയതുറയിൽ നടപ്പാക്കിയ കെട്ടിടനിർമാണത്തിൽ ക്രമക്കേട് നടന്നതായി കൺട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്.
കെട്ടിട നിർമാണത്തിനു തിരുവനന്തപുരം കോർപറേഷന്റെ അനുമതി വാങ്ങിയില്ലെന്നും ഇതുമൂലം സാധാരണ നിരക്കിന്റെ മൂന്നു മടങ്ങ് വരുന്ന 2.4 ലക്ഷം രൂപ വാർഷിക നികുതി അടയ്ക്കാൻ വകുപ്പ് ബാധ്യസ്ഥമായെന്നും റിപ്പോർട്ടിൽ പറയുന്നു. 2016 മാർച്ചിൽ അവസാനിച്ച വർഷത്തെ സിഎജിയുടെ റിപ്പോർട്ടിലാണ് ജേക്കബ് തോമസിനെതിരായ പരാമർശം.
തുറമുഖ ഡയറക്ടറേറ്റിനു കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലം ശരിയായ സാധ്യതാപഠനം നടത്താതെയാണു തെരഞ്ഞെടുത്തത്. ഇതുമൂലം 1.93 കോടി രൂപ ചെലവിട്ടു നിർമിച്ച കെട്ടിടം ഇപ്പോൾ ഉപയോഗശൂന്യമായി നശിക്കുകയാണ്. പുതിയ കെട്ടിടത്തിന്റെ മുൻഭാഗത്തു ലാൻഡ് സ്കേപ്പിംഗിനും ഉദ്യാനം ഒരുക്കുന്നതിനുമായി ഡയറക്ടർ 8.30 ലക്ഷം മുൻകൂറായി കെപിഎച്ച്സിയെ ഏൽപ്പിച്ചു.
എന്നാൽ, 6.73 ലക്ഷത്തിനാണ് പണി പൂർത്തിയാക്കിയത്. ഉദ്യാനത്തിന്റെയും മറ്റും പരിപാലനത്തിന് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്ന് കെപിഎച്ച്സി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നും ചെയ്തില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. വസ്തുതകൾ തെറ്റായി അവതരിപ്പിച്ചു ഡയറക്ടർ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
പൊതുമരാമത്തു മാനുവൽ പ്രകാരം കെട്ടിടത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥലം ഉദ്ദിഷ്ടകാര്യത്തിന് അനുയോജ്യമായതും എന്താവശ്യത്തിനാണോ നിർമിക്കുന്നത് അതിനു സൗകര്യപ്രദമായതും ആയിരിക്കണം.
ശക്തമായ കാറ്റിനോ മറ്റു പ്രകൃതി ക്ഷോഭത്തിനോ കെട്ടിടം വിധേയമാകുന്നതല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. എന്നാൽ, വലിയതുറയിൽ നിർമിച്ച ഡയറക്ടറേറ്റ് മന്ദിരം കടൽത്തീരത്ത് തിരമാല ഒഴുകിയെത്തുന്ന ഭാഗത്തുനിന്ന് 30 മീറ്ററിനുള്ളിലാണ്. ഇതു ശക്തമായ കാറ്റിനും ലവണാംശമുള്ള അന്തരീക്ഷത്തിനും വിധേയമാണെന്നു റിപ്പോർട്ടിൽ പറയുന്നു.
കെട്ടിടത്തിൽ സോളാർ പാനൽ സ്ഥാപിച്ചതിൽ ഫണ്ടു വകമാറ്റിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. ഗുണനിലവാരം ഉറപ്പാക്കാതെ തുറമുഖ ഡയറക്ടർ ജേക്കബ് തോമസ് കരാറുകാർക്കു പണം നൽകി. ഇതു സർക്കാരിന് അധികച്ചെലവുണ്ടാക്കി.കൊടുങ്ങല്ലൂരിലെ ഓഫീസിൽ കോണ്‍ഫറൻസ് ഹാൾ നിർമിച്ചതിലും ക്രമക്കേടുണ്ട്.