കൊച്ചി: ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സന്പാദനക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസിൽ പ്രഥമദൃഷ്ട്യാ കഴന്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അനധികൃത സ്വത്തു സന്പാദനക്കേസിൽ ജേക്കബ് തോമസിനെതിരേ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ബേനാമി പേരിൽ തമിഴ്നാട്ടിൽ സ്വത്ത് സന്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ചിനു നിർദേശം നൽകിയത്.
ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ബേനാമി പേരിൽ തമിഴ്നാട്ടിലടക്കം ഏക്കറുകണക്കിനു ഭൂമി കൈക്കലാക്കിയെന്ന കണ്ണൂർ സ്വദേശി സത്യൻ നരവൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് 1998 ലെ പ്രൊഹിബിഷൻ ഓഫ് ബേനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻ ആക്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.