ന്യൂഡൽഹി: സർവീസിൽ തിരിച്ചെടുക്കാനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി സ്വാഗതം ചെയ്ത് ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കെതിരായ ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ലെന്ന സന്ദേശമാണു വിധി നൽകുന്നതെന്നു ജേക്കബ് തോമസ് പറഞ്ഞു.
വൈറ്റിലയിൽ അഴിമതി തുറന്നു പറഞ്ഞയാളെ സസ്പെൻഡ് ചെയ്തു. എന്നാൽ പാലാരിവട്ടം പാലത്തിന്റെ അഴിമതി നടത്തിയ കോർപറേഷൻ മേധാവിയെ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടില്ല. നീതിന്യായ വ്യവസ്ഥ സുദൃഢമാണ് എന്ന സന്ദേശമാണു വിധി. നീതി നമുക്കു കിട്ടും. ജഡ്ജിമാർ നല്ലവരാണെന്ന സന്ദേശമുണ്ട്. അഴിമതിക്കെതിരേ കേരളത്തിൽ എല്ലാവരും ശബ്ദമുയർത്തണം. എന്നാൽ മാത്രമേ ഇവിടെ അഴിമതി അവസാനിക്കുകയുള്ളുവെന്നും ജേക്കബ് തോമസ് പറഞ്ഞു.
അഴിമതിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം അഴിമതി ആദ്യം ജനങ്ങളോടു പറയുക എന്നതാണ്. ഇതിന്റെ ഭാഗമായാണു സുപ്രീംകോടതിയിലെ നാലു ജഡ്ജിമാർ കോടതി നിർത്തിവച്ച് ജനങ്ങളോടു കാര്യം പറഞ്ഞതെന്നും ജേക്കബ് തോമസ് പറഞ്ഞു.
ജേക്കബ് തോമസിന്റെ പരാതിയിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷൻ ബെഞ്ചാണ് സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവിട്ടത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ തെളിവില്ലാതെ ദീർഘകാലം സസ്പെൻഷനിൽ നിർത്തുന്നതു ശരിയല്ല. പോലീസിൽ അദ്ദേഹത്തിന്റെ റാങ്കിനനുസരിച്ചുള്ള പദവി ഒഴിവില്ലെങ്കിൽ തത്തുല്യമായ മറ്റേതെങ്കിലും പദവിയിൽ അടിയന്തരമായി നിയമനം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ഒന്നര വർഷമായി സസ്പെൻഷനിൽ നിൽക്കുന്ന ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് പിണറായി വിജയൻ സർക്കാരിനു വൻ തിരിച്ചടിയാണ്. 2017 ഡിസംബർ മുതൽ ജേക്കബ് തോമസ് സസ്പെൻഷനിലാണ്. ഓഖി ദുരന്ത രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരിനെ വിമർശിച്ചതിനായിരുന്നു ആദ്യ സസ്പെൻഷൻ. തുടർന്നു വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പലപ്പോഴായി സസ്പെൻഷൻ നീട്ടി. സർക്കാരിൻറെ അനുമതി വാങ്ങാതെ സർവീസ് സ്റ്റോറി എഴുതിയ കാരണവും ഇതിൽ ഉൾപ്പെടുന്നു.
1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവിൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡിജിപിയാണ്. തുറമുഖ വകുപ്പു ഡയറക്ടറായിരിക്കേ ഡ്രഡ്ജിംഗ് നടത്തിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അടുത്തിടെ ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപി, ആർഎസ്എസ് നേതാക്കളുമായി ജേക്കബ് തോമസ് ഡൽഹിയിൽ ചർച്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ചർച്ച നടത്തിയതായി ജേക്കബ് തോമസ് സ്ഥിരീകരിക്കുകയും ചെയ്തു. ആർഎസ്എസിന്റെ ചില വേദികളിൽ അദ്ദേഹം എത്തുകയും ചെയ്തിരുന്നു.
ലോക്സഭാ തെഞ്ഞെടുപ്പിൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ ജേക്കബ് തോമസ് തയാറെടുത്തെങ്കിലും വിരമിക്കൽ പദ്ധതി പാളിയതോടെ മത്സരിക്കാൻ സാധിച്ചില്ല.