തിരുവനന്തപുരം: ഡിജിപി ഡോ.ജേക്കബ് തോമസ് ദീർഘനാളത്തെ അവധിക്ക് ശേഷം ഇന്ന് സർവീസിൽ തിരിച്ചെത്തും. ഐഎംജി ഡയറക്ടറായി അദ്ദേഹത്തിന് നിയമനം നൽകാൻ സർക്കാർ തലത്തിൽ ധാരണയായി. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് കഴിഞ്ഞ രണ്ട് മാസക്കാലത്തിലേറെയായി അവധിയിലായിരുന്നു.
ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചതിന് ശേഷമാണ് സൂപ്രീംകോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചതിനെ തുടർന്ന് ഡിജിപി ടി.പി.സെൻകുമാർ വീണ്ടും സംസ്ഥാന പോലീസ് മേധാവിയായി മടങ്ങിയെത്തിയത്. ഇതേ തുടർന്ന് സംസ്ഥാന പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റക്ക് സ്ഥാനം നഷ്ടമാകുകയും ബെഹറയെ വിജിലൻസ് ഡയറക്ടറാക്കി സർക്കാർ നിയമിക്കുകയുമായിരുന്നു. ഡിജിപി ടി.പി.സെൻകുമാർ ഈ മാസം 30 നാണ് സർവീസിൽ നിന്നും വിരമിക്കുന്നത്.
അത് വരെ താൽക്കാലിക ചുമതല എന്ന നിലയ്ക്ക് ജേക്കബ് തോമസിന് ഐഎംജി ഡയറക്ടർ സ്ഥാനം നൽകി അനുനയിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. കഴിഞ്ഞ ദിവസം ജേക്കബ് തോമസ് തന്റെ പദവി ഏതാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഈ കത്തിനെ തുടർന്ന് അവധി കഴിഞ്ഞ മടങ്ങിയെത്തിയ ശേഷം ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്യാനാണ് സർക്കാർ ജേക്കബ് തോമസിന് നൽകിയ നിർദേശം. താൻ നേരത്തെ വഹിച്ചിരുന്ന വിജിലൻസ് ഡയറക്ടർ സ്ഥാനം തിരികെ ലഭിക്കണമെന്ന താൽപ്പര്യം അദ്ദേഹത്തിനുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.
സെൻകുമാർ വിരമിച്ചെങ്കിൽ മാത്രമെ തന്ത്രപ്രധാനമായ സ്ഥാനത്തേക്ക് ജേക്കബ് തോമസിന് നിയമനം ലഭിക്കുകയുള്ളൂവെന്നാണ് അറിയാൻ കഴിയുന്നത്. സെൻകുമാറിന് ശേഷം കേരള പോലീസിലെ സീനിയർ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഇദ്ദേഹത്തെ സംസ്ഥാന പോലീസ് മേധാവിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് താൽപ്പര്യമുണ്ട്. എന്നാൽ മന്ത്രിസഭയിലെയും പാർട്ടിയിലെയും അംഗങ്ങൾക്കും നേതാക്കൾക്കും ജേക്കബ് തോമസിനോട് താൽപ്പര്യമില്ല.
വിജിലൻസ് ഡയറക്ടർ സ്ഥാനം വഹിച്ചപ്പോൾ ഹൈക്കോടതിയിൽ നിന്നും ഉൾപ്പെടെ സർക്കാരിന് വിജിലൻസിന്റെ പ്രവർത്തനത്തിലെ വീഴ്ച കൊണ്ട് നിശിത വിമർശനം ഏറ്റുവാങ്ങിയ സംഭവങ്ങൾ ഉണ്ടായതിൽ പാർട്ടി നേതാക്കൾക്കും ജേക്കബ് തോമസിനോട് നല്ല മതിപ്പില്ല.
സെൻകുമാർ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കുന്പോൾ ലോക്നാഥ് ബെഹ്റയെ തന്നെ വീണ്ടും സംസ്ഥാന പോലീസ് മേധാവിയാക്കാൻ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് ജേക്കബ് തോമസിന് വീണ്ടും മടങ്ങിയെത്താനുള്ള സാധ്യതയുണ്ട്. സർക്കാരിന്റെ വിശ്വസ്തരയായ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിലെ ഒന്നാമനാണ് ജേക്കബ് തോമസ് കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധത്തിലുമാണ് .