മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് ജേക്കബ് തോമസ് രംഗത്ത്. ഓഖി ദുരന്തത്തിന് 700 കോടിയോളം നഷ്ടം ഉള്ളപ്പോള്‍ 7000 കോടി കേന്ദ്രസഹായം ചോദിച്ച സര്‍ക്കാരിനെതിരെയാണ് പാഠം ഒന്നെന്ന പേരില്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചത്. അതിന് പിന്നാലെയാണ് ഇന്ന് രണ്ടാം പാഠവുമായി എത്തിയത്. വാര്‍ഷികാഘോഷ പരസ്യം മൂന്ന് കോടി. ഫഌക്‌സ് വയ്ക്കല്‍ രണ്ട് കോടി, ജനതാത്പര്യം അറിയിക്കാന്‍ റിയാലിറ്റി ഷോയ്ക്ക് മൂന്ന് കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്മസിന് വന്നവര്‍ ഭാഗ്യവാന്‍മാര്‍, കാണാതായവര്‍ കടലിനോട് ചോദിക്കണം. പരസ്യപദ്ധതികള്‍ ജനക്ഷേമത്തിന്. എന്നിങ്ങനെ ആക്ഷേപഹാസ്യ രൂപേണയാണ് വിമര്‍ശനം നടത്തിയിരിക്കുന്നത്. ഇത് വളരെപ്പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു.
ഓഖിയില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ കണ്ടെത്താനുള്ളവരെ ക്രിസ്മസിന് മുമ്പ് കണ്ടെത്തുമെന്ന് പ്രധാനമന്ത്രിയും കേരള സര്‍ക്കാരും പറഞ്ഞിരുന്നു. ക്രിസ്മസ് കഴിഞ്ഞ് ന്യൂഇയര്‍ അടുക്കുമ്പോഴും ആരും വന്നിട്ടില്ല. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. കാണാതായവരെ കുറിച്ച് സര്‍ക്കാരിനോട് ചോദിച്ചിട്ട് കാര്യമില്ല, കടലിനോട് ചോദിക്കണമെന്നാണ് പറയുന്നത്. ഓഖി ദുരുതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനം നടത്തിയതിന് ഐ.എം.ജി ഡയറക്ടര്‍ ആയിരുന്ന ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. കടലില്‍ കാണാതായത് പണക്കാരായിരുന്നെങ്കില്‍ നടപടിയുണ്ടാകുമായിരുന്നെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇത് അക്രമത്തിന് പ്രേരിപ്പിക്കുന്നത് ആണെന്ന് കാട്ടിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ആദ്യകാലങ്ങളില്‍ പിണറായിയുടെ വിശ്വസ്തനായിരുന്നു ജേക്കബ് തോമസ്. ഇദ്ദേഹത്തെ ആദ്യം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കി. പിന്നെ മന്ത്രിമാരെ വിമര്‍ശിച്ച് സ്രാവുകള്‍ നീന്തുമ്പോള്‍ എന്ന പുസ്തകമെഴുതിയപ്പോള്‍ പിണറായി രക്ഷകനായി. ഒടുവില്‍ ഓഖി ദുരന്തത്തില്‍ മുഖ്യനെതിരേ തിരിഞ്ഞതോടെ തോളിലിരുന്നുള്ള ചെവി തീറ്റ അവസാനിപ്പിക്കാന്‍ പിണറായി തയ്യാറാവുകയായിരുന്നു.അങ്ങനെയായിരുന്നു ഇദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍. ഓഖി ദുരിതത്തില്‍ കാണാതായവരുടെയും കിട്ടുന്ന ഫണ്ടുകളുടെയും കണക്ക് വച്ചാണ് ആദ്യം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കണക്കിലെ കളികള്‍ എന്നയാരുന്നു ആ എഫ്.ബി പോസ്റ്റിന്റെ തലക്കെട്ട്. അതിനു പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാരിനെ തേച്ചൊട്ടിച്ച് പുതിയ ഫേസ്ബുക്ക് പോസ്റ്റിട്ടത്.