തിരുവനന്തപുരം: ഓഖി വിഷയത്തിൽ സർക്കാരിനെ വിമർശിച്ച സംഭവത്തിൽ ഡിജിപി ജേക്കബ് തോമസ് സർക്കാരിനു നൽകിയ വിശദീകരണം തള്ളിക്കൊണ്ട് ചീഫ് സെക്രട്ടറി പോൾ ആന്റണി സർക്കാരിനു റിപ്പോർട്ട് നൽകി. വിശദീകരണം തള്ളിയ സാഹചര്യത്തിൽ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി തുടരും.
ഓഖി ദുരിതാശ്വാസ നടപടിയിൽ സർക്കാരിനു വീഴ്ച പറ്റിയെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ഒരു സെമിനാറിലാണ് ജേക്കബ് തോമസ് പറഞ്ഞത്. രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം അന്ന് സർക്കാരിനെ വിമർശിച്ചത്. ഇതേതുടർന്ന് അദ്ദേഹത്തെ സർക്കാർ ആറുമാസത്തേക്ക് സസ്പെൻഡ്ചെയ്തിരുന്നു. ഇതിനുശേഷം ജേക്കബ് തോമസിനോട് വിശദീകരണം തേടിയിരുന്നു.
ഇതിന് സർക്കാരിനെയല്ല വിമർശിച്ചതെന്ന വിശദീകരണം ജേക്കബ് തോമസ് നൽകിയെങ്കിലും അതിലെ പൊരുത്തക്കേടുകൾ ചുണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി ഇപ്പോൾ ജേക്കബ് തോമസിന്റെ വിശദീകരണം തള്ളിയതെന്നറിയുന്നു. ജേക്കബ് തോമസിനെതിരെയുള്ള തുടർ നടപടി ഇനി എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.