കൊച്ചി: പുത്തൻകാല അഴിമതികൾ വലിയ ചരടിന്റെ ഭാഗമാണെന്നും അതിൽപ്പെട്ടവരെ തൊട്ടാൽ പൊള്ളുമെന്നും അവധിയിലായ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. അത്തരക്കാരെ തൊട്ടപ്പോൾ തനിക്കു പൊള്ളിയെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സാമൂഹ്യസംഘടനകളും അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങളും സംയുക്തമായി, അഴിമതിരഹിത കേരളം ജനകീയ പങ്കാളിത്തത്തോടെ എന്ന പേരിൽ എറണാകുളം ടിഡിഎം ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജേക്കബ് തോമസ്. അഴിമതിക്കു പുതിയ രൂപങ്ങൾ കണ്ടെത്തുന്ന കാലമാണിത്.
സ്വജനപക്ഷപാതവും ബന്ധുനിയമനവുമെല്ലാം അഴിമതിയുടെ വിവിധ രൂപങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയരീതിയിലുള്ള അഴിമതികൾ സംബന്ധിച്ച് അക്കാദമിക് തല ഗവേഷണങ്ങളും പുതുക്കിയ നിയമസംവിധാനങ്ങളും വേണം. 2003ൽ നടന്ന ഒരു ഗവേഷണത്തിൽ കണ്ടെത്തിയതു മൂന്നുതരം അഴിമതികളുണ്ടെന്നാണ്.
അഡ്മിനിസ്ട്രേറ്റീവ് രംഗത്തെ അഴിമതി, സ്വാധീനം ചെലുത്തൽ, നിയമങ്ങളും ഉത്തരവുകളും വരെ സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ അനുകൂലമാക്കൽ എന്നിവയാണവ. എന്നാൽ 2011ൽ നടന്ന മറ്റൊരു ഗവേഷണത്തിൽ ലീഗൽ അഴിമതി എന്നൊരു വകഭേദം കൂടി കണ്ടെത്തി.
ഭരണരംഗത്തെ പ്രത്യക്ഷമായ അഴിമതി തടയാൻ സംസ്ഥാനത്തു കാര്യക്ഷമമായ നിയമങ്ങളുണ്ട്. ഇവിടെയാണു വിജിലൻസ് വിഭാഗം കൂടുതലായും ഇടപെടുന്നത്. 10 മാസത്തിനിടെ വിജിലൻസിനു ലഭിച്ച 14,000 പരാതികളിൽ ഏറ്റവും കൂടുതൽ ഈ വിഭാഗത്തിലായിരുന്നു. അഴിമതിയെകുറിച്ച് അസഹിഷ്ണുതയുള്ള ആളുകളാണ് നമ്മുടെ നാട്ടിലുള്ളത്. അഴിമതി പുറത്തെത്തിക്കാൻ ആവേശം കാണിക്കുന്ന മാധ്യമങ്ങളും കേസ് പിന്തുടരുന്ന കാര്യത്തിൽ പിന്നോട്ടാണ്.
ഈ മനോഭാവം മാറണമെന്നും ജേക്കബ് തോമസ് പറഞ്ഞു. ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ്, ചാവറ കൾച്ചറൽ സെന്റർ, ആർടിഐ. കേരള ഫെഡറേഷൻ, റസിഡന്റ്സ് അസോസിയേഷൻസ് ആന്റി കറപ്ഷൻ മൂവ്മെന്റ്, എറണാകുളം കരയോഗം, മുതിർന്ന പൗരന്മാരുടെ പകൽവീട് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണു സെമിനാർ സംഘടിപ്പിച്ചത്.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. രാജേന്ദ്രൻ നായർ, എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രൻ, ഡി.ബി. ബിനു, ഡി. ധനുരാജ്. ടി.വി. ലൂക്കോസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.