സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നുവെന്ന് പ്രസ്താവന! വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍; ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയെന്നും വിലയിരുത്തല്‍

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി ആരോപിച്ച മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി. മേധാവിയുമായ ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാരിനെതിരെ പരസ്യ നിലപാട് എടുത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി. കഴിഞ്ഞയാഴ്ച തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.

സുനാമി ദുരിതാശ്വാസ പാക്കേജിലെ കോടികള്‍ കട്ടുകൊണ്ടുപോയെന്നും അഴിമതിക്കെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നുവെന്നും ജേക്കബ് തോമസ് പ്രസംഗത്തില്‍ ആരോപിച്ചിരുന്നു. ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ കടലില്‍ കുടുങ്ങിയിട്ടുണ്ടെന്നോ ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല. ജേക്കബ് തോമസ് പറഞ്ഞു. പണക്കാരുടെ മക്കളാണ് കടലില്‍പ്പോയതെങ്കില്‍ ഇതാകുമായിരുന്നോ അധികാരികളുടെ പ്രതികരണമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Related posts