തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. നിലവിൽ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ് .
തലസ്ഥാനത്തെ പ്രസ്ക്ലബിൽ അഴിമതിവിരുദ്ധ ദിനാചരണയോഗത്തിൽ പ്രസംഗത്തിനിടെയായിരുന്നു ജേക്കബ് തോമസ് വിവാദ പ്രസ്താവന നടത്തിയത്. സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നതിനു കാരണം ഇതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. ഇതുൾപ്പടെ നിശിത വിമർശനങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചിരുന്നത്.
അഴിമതിക്കാർ തമ്മിൽ സംസ്ഥാനത്ത് ഐക്യത്തിലാണെന്നും അവർക്ക് അധികാരമുള്ളതിനാൽ അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണെന്നും പറഞ്ഞ ജേക്കബ് തോമസ്, 51 വെട്ടു വെട്ടിയില്ലെങ്കിലും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
ഭരണം എന്നാൽ ഗുണനിലവാരമില്ലാത്ത സേവനം നൽകുന്ന സംഭവമാണോ എന്നു ചോദിച്ച ജേക്കബ് തോമസ് ഭരണത്തിനു നിലവാരമില്ലാതാകുമ്പോഴാണു വലിയ പ്രചാരണങ്ങൾ വേണ്ടിവരുന്നതെന്നും വലിയ പരസ്യം കാണുമ്പോൾ ഭരണത്തിനു ഗുണനിലവാരമില്ലെന്ന് ഓർക്കണമെന്നും പറഞ്ഞിരുന്നു.
ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനത്തിലെ പാളിച്ചയേയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പണക്കാരുടെ മക്കളാണു കടലിൽ പോയതെങ്കിൽ ഇതാകുമായിരുന്നോ പ്രതികരണമെന്ന് ചോദിച്ച ജേക്കബ് തോമസ് ജനങ്ങളുടെ കാര്യം നോക്കാൻ കഴിയാത്തവർ എന്തിനു തുടരുന്നു എന്നാണു തീരപ്രദേശത്തുള്ളവർ ഭരണാധികാരികളോടു ചോദിച്ചതെന്നും പറഞ്ഞിരുന്നു.
ജനവിശ്വാസമുള്ള ഭരണാധികാരികൾക്കു ജനത്തിന്‍റെ അടുത്തു പോയി നിൽക്കാമെന്നും ജനങ്ങളാണു യഥാർഥ അധികാരിയെന്നും എത്രപേരെ കാണാതായെന്ന കാര്യത്തിൽ പോലും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നുമെല്ലാം തുറന്നടിച്ചിരുന്നു.
ആത്മകഥയിലെ പരാമർശങ്ങളുടെ പേരിൽ വകുപ്പുതല നടപടി നേരിടുന്നതിനു പിന്നാലെയാണു ജേക്കബ് തോമസ്, കൂടുതൽ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് വീണ്ടും നടപടിയേറ്റുവാങ്ങിയത്.