തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടറും ഡിജിപിയുമായ ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തും. നിരന്തരമായ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തെന്ന് ആരോപിച്ചാണ് നടപടി. ഇത് സംബന്ധിച്ച ശിപാർശ സംസ്ഥാനം കേന്ദ്രത്തിനു കൈമാറി. ജേക്കബ് തോമസിനോട് സർക്കാർ വിശദീകരണം തേടും.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡിജിപിയാണ് ജേക്കബ് തോമസ്. സർവീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. വരുന്ന മെയ് മാസം 31 ന് വിരമിക്കാനിരിക്കെയാണ് നടപടി. സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്താനുള്ള തീരുമാനം ഇതാദ്യമായാണ്.
‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം’ എഴുതിയത് ചട്ടവിരുദ്ധമായാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച മൂന്നംഗസമിതി സർക്കാരിന് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ പേരിൽ ജേക്കബ് തോമസിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ആറു തവണ സസ്പെൻഷൻ നീട്ടുകയും ചെയ്തു.
ഇതിനെതിരെ ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. നിലവിൽ അദ്ദേഹം സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡിയാണ്. അടുത്തിടെ ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു.