ന്യൂഡൽഹി: അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസിൽ ബ്ലോവർ നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ടു കോടതിയിൽ സമീപിച്ചതിൽ വിശദീകരണവുമായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്തുനിന്നാണ് തനിക്കെതിരേ ഭീഷണിയുണ്ടായതെന്നും കള്ളനും കള്ളനെ പിടിക്കുന്നവരും തമ്മിൽ ഏറെനാൾ സൗഹൃദം പറ്റില്ലെന്നും ജേക്കബ് തോമസ് തുറന്നടിച്ചു.
അഴിമതി നടത്തുന്നവർക്ക് അതിനെ എതിർക്കുന്നവരുമായി ഒന്നിച്ചുപോകാൻ കഴിയില്ല. രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്തുനിന്നാണ് എനിക്കെതിരേ ഭീഷണിയുണ്ടായത്. അഴിമതിയെകുറിച്ച് പറയുന്നവർക്കു സംരക്ഷണം ലഭിക്കുന്നതിനാണ് കോടതിയെ സമീപിച്ചത്. കള്ളനും കള്ളനെ പിടിക്കുന്നവരും തമ്മിൽ ഏറെനാൾ സൗഹൃദം പറ്റില്ല. അഴിമതിയില്ല എന്നു സാധാരണക്കാർക്കു കാണാൻ പറ്റണം. കേരളത്തിലെ വിസിൽബ്ലോവർ നയം പുനസ്ഥാപിക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു.
വിസിൽ ബ്ലോവർ നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ടു ജേക്കബ് തോമസ് നൽകിയ ഹർജിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ നിർദേശിച്ച ഹൈക്കോടതി മാർച്ച് ആദ്യം പരിഗണിക്കാനായി ഹർജി മാറ്റി.
അഴിമതികൾ വെളിച്ചത്തുകൊണ്ടുവരുന്നവരെ വേട്ടയാടുന്നതു തടയാനുള്ള വിസിൽ ബ്ലോവർ സംരക്ഷണ നിയമപ്രകാരം തനിക്കു സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് 2010ൽ ജേക്കബ് തോമസ് ഹർജി നൽകിയിരുന്നു. ഇതിൽ ഉപഹർജിയുമായാണ് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. സംരക്ഷണത്തിന് അർഹത ഉണ്ടോയെന്നു പരിശോധിക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷന് നിർദേശം നൽകണമെന്നും തനിക്ക് അർഹതയുണ്ടെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കാമെന്നും ജേക്കബ് തോമസിന്റെ ഹർജിയിലുണ്ട്.
താൻ കേരളത്തിൽ സുരക്ഷിതനല്ലെന്നും സുരക്ഷിതമായ സ്ഥലത്ത് പോസ്റ്റിംഗ് നൽകണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് 2017 ഫെബ്രുവരി 27നു പ്രധാനമന്ത്രിയുടെ ഓഫീസിന് നിവേദനം നൽകിയിരുന്നു. ഇതിൻമേൽ സ്വീകരിച്ച നടപടി അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.