കൊച്ചി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കേസില്‍ പ്രകൃതി ചികിത്സകന് ജേക്കബ് വടക്കാഞ്ചേരിയുടെ മൊഴിയെടുക്കും. ഇദ്ദേഹത്തിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മനപ്പൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാണിച്ചാണ് ജേക്കബ് വടക്കാഞ്ചേരി സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചത്.
ഇദ്ദേഹത്തില്‍ നിന്നും മൊഴിയെടുക്കുന്നതിനായി ഉടന്‍ വിളിച്ചുവരുത്തുമെന്ന് പോലീസ് അറിയിച്ചു.
എറണാകുളം എസിപി ലാല്‍ജിയുടെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനും ഒരാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും സെന്‍ട്രല്‍ പോലീസ് അറിയിച്ചു.
വൈറസുകള്‍ക്ക് ജീവന് അപഹരിക്കാനുള്ള കഴിവില്ലെന്നും കൊറോണ വൈറസിനെ ഇന്നേവരെ ആരും കണ്ടിട്ടില്ലെന്നുമുള്ള വ്യാജ പ്രചാരണങ്ങളാണ് ജേക്കബ് വടക്കാഞ്ചേരി ഫേസ്ബുക്കിലൂടെ നടത്തിയത്.
കൊറോണയുടെ പേരില്‍ നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നും, ഈ അണുക്കളെ കൊല്ലണമെന്നാവശ്യപ്പെടുന്നവര്‍ പോലും കൊറോണ വൈറസിനെ കണ്ടിട്ടില്ലെന്നും ഇയാൾ പറയുന്നു.
കൊറോണ വൈറസിനെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും മുന്‍കരുതലുകളെയും അറിയിപ്പുകളെയും അപ്പാടെ പരിഹസിച്ചാണ് ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോ.
ഒരു വൈറസും ബാക്ടീരിയയും ശരീരത്തില്‍ രോഗങ്ങളുണ്ടാക്കുന്നില്ലെന്നാണ് ജേക്കബ് വടക്കാഞ്ചേരിയുടെ കണ്ടെത്തൽ. മുൻപ് കേരളത്തിൽ നിപ്പ വൈറസ് ബാധ ഉണ്ടായപ്പോഴും ജേക്കബ് വടക്കാഞ്ചേരി തെറ്റിധാരണ പരത്തുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ പ്രചരിപ്പിച്ചിരുന്നു.
നിപ്പ വൈറസ് മരുന്നു മാഫിയകളുടെ കള്ളക്കളിയാണെന്നും എലിപ്പനി, ഡങ്കി പനി അടക്കമുള്ള എല്ലാം രോഗങ്ങള്‍ക്കും പിറകില്‍ മരുന്നു മാഫിയായാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.
പഴങ്ങള്‍ മാത്രം കഴിക്കുന്ന ഒരു ജീവിയില്‍ എങ്ങനെയാണ് വൈറസ് രൂപപ്പെടുക എന്നൊക്കെ ആയിരുന്നു ഇയാളുടെ വാദം.