കോഴിക്കോട് : വ്യാജ ചികിത്സയെ തുടര്‍ന്നു രോഗി മരിക്കാനിടയായ സംഭവത്തില്‍ കോടതി നാലു ലക്ഷം രൂപ പിഴ ചുമത്തിയ ആശുപത്രി ഉടമ നിപ്പാ അലോപ്പതി ചികിത്സക്കെതിരെ വ്യാജ പ്രചരണവുമായിവന്ന് വീണ്ടും കുടുങ്ങി. കോഴിക്കോട് കളക്ടറേറ്റിന് സമീപത്തടക്കം വ്യാജ കിടത്തിചികിത്സ നടത്തുന്ന ജേക്കബ് വടക്കുംചേരിയാണ് നിപ്പാ ചികിത്സയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം അഴിച്ചുവിട്ട് കുരുക്കിലായത്.
ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും കോഴിക്കോട് ജില്ലാ കളക്ടറുടെ ഓഫീസിനു മൂക്കിനുതാഴെയുള്ള കെട്ടിടത്തിൽ പ്രകൃതി ചികിത്സയെന്നപേരിൽ കബളിപ്പിക്കൽ തുടരുകയാണ്
അസുഖം ഭേദമായെന്ന പേരിൽ രോഗിയുടെ പ്രതികരണവും ഫോട്ടോയും സഹിതം ആശുപത്രിയുടെ മേന്മകളെ പുകഴ്ത്തിയുള്ള പരസ്യം നല്‍കിയാണ് ഇപ്പോള്‍ തട്ടിപ്പു തുടരുന്നത്. ആശുപത്രിയ്ക്കു നന്ദി പറഞ്ഞുകൊണ്ട് ‘പ്രമേഹവും കാന്‍സറും മാറി’ എന്ന തലക്കെട്ടോടെയുള്ള ഫ്ളക്സ് ബോര്‍ഡാണ് പരസ്യമായി പുറത്ത് പ്രചരിപ്പിക്കുന്നത്. ആശുപത്രിക്കു സമീപം പൊതുനിരത്തിൽ സ്ഥാപിച്ച പരസ്യത്തിനു താഴെ രോഗംമാറിയ ആളുടെ പേരും മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്.
കോട്ടയം സ്വദേശിയായ തുളസീധരന്‍ എന്ന പേരാണ് നല്‍കിയത്. അതേസമയം നല്കിയ നമ്പര്‍ ആശുപത്രിയുടേതാണ്. തുളസീധരനെന്ന് തെറ്റധരിച്ച് ഈ നമ്പറിലേക്കാണ് പരസ്യം കണ്ട് ആളുകള്‍ വിളിക്കുന്നത് . ഇവിടെ നിന്നും ലഭിക്കുന്ന ‘ഉപദേശങ്ങള്‍’ കേള്‍ക്കുന്നതോടെ ആളുകള്‍ ആശുപത്രിയിലേക്ക് ആകൃഷ്ടരാവുകയാണ്.
പരസ്യത്തില്‍ പരാമര്‍ശിച്ച തുളസീധരനെക്കുറിച്ച് വ്യക്തമായ വിവരമില്ല. പരസ്യത്തില്‍ കീമോതെറാപ്പി ചെയ്തതു മൂലമുള്ള ദോഷങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കീമോ ചെയ്യുന്ന രോഗികളെ ആശങ്കയിലാഴ്ത്തി സ്ഥാപനത്തിലേക്കു കൂടുതല്‍ ആളുകളെ ആകര്‍ഷിപ്പിക്കാനാണ് നീക്കം.
1050, 1250, 1500 നിരക്കിലാണ് ഒരു ദിവസത്തെ ചികിത്സക്കായി ആശുപത്രി ഈടാക്കുന്നത്. മുറിയുടെ സൗകര്യമനുസരിച്ചാണു തുക കൂടുതല്‍ ഈടാക്കുന്നത്. എല്ലാ നിരക്കിലും ഭക്ഷണം ഓരോ പോലെയാണ് നല്‍കുന്നത്. രണ്ടാഴ്ചത്തെ കോഴ്സാണ് ആശുപത്രിയില്‍ നല്‍കുന്നത്.
പിന്നീട് വീട്ടില്‍ നിന്നും ചികിത്സ തുടരാമെന്നാണ് പറയുക. എത്ര ഗുരുതരമായ രോഗമാണെങ്കിലും അതിന്റെചികിത്സാ ചെലവ് ഒരേനിരക്കിലായിരിക്കുമെന്നതാണ് പ്രത്യേകതയായി പറയുന്നത് . കൂടാതെ ജൈവ പച്ചക്കറിയും പഴവര്‍ഗങ്ങളുമാണ് നല്‍കുകയെന്ന് രോഗികളെ വിശ്വസിപ്പിക്കും.
എന്നാല്‍ മുൻപൊരിക്കൽ ഇവിടെ എത്തിച്ച ചീഞ്ഞ പച്ചക്കറികൾ പിടികൂടിയതായും സമീപവാസികൾ പറഞ്ഞു.
ഫ്ളാറ്റിന്റെ ലൈസൻസുള്ള ബഹുനില കെട്ടിടത്തിലാണ് അനധികൃതമായി ആശുപത്രി പ്രവർത്തിക്കുന്നത് . ഇവിടെ ചികിത്സ നടത്തുന്നതിനുള്ള അനുമതിയൊന്നും അനുവദിച്ചിട്ടില്ല. എതെങ്കിലും വിധത്തിലുള്ള അത്യാഹിതമുണ്ടായാല്‍ രോഗികള്‍ക്ക് രക്ഷപ്പെടാനോ രോഗികളെ രക്ഷപ്പെടുത്താനോ ഉള്ള സൗകര്യം ആശുപത്രിയിലില്ല.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സ്വദേശിയായ അഭിഭാഷകന് സി. വിനയാനന്ദനെ ചികിത്സയ്ക്ക് വിധേയനാക്കുകയും മരിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുമാസം മുമ്പ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോകൃത തര്‍ക്ക പരിഹാര ഫോറം വിധിച്ചിരുന്നു. പ്രമേഹവും, അള്‍സറും, വൃക്കയില്‍ കല്ലുമായി വിവിധ ആശുപത്രികളില്‍ കയറി ഇറങ്ങിയ രോഗി അവസാന പ്രതീക്ഷ എന്ന നിലയിലായിരുന്നു നേച്ചര്‍ ലൈഫ് ആശുപത്രിയെ സമീപിച്ചത്.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ അലട്ടിയിരുന്ന വിനയാനന്ദനെ ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ കാല്‍നടയായി പടികള്‍ കയറ്റുകയും യോഗ ചെയ്യിക്കുകയും ചെയ്തു. ഇത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കുന്നതിലെ കഴിവില്ലായ്മയാണെന്നായിരുന്നു ഫോറം വിലയിരുത്തിയത .
2005-ല്‍ കൊച്ചി ആശുപത്രിയില്‍ ചികിത്സ നടത്തിയതിലെ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി സഹോദരനും ഗവ. ലോ കോളജ് അസോസിയേറ്റ് പ്രഫസറുമായ ഡോ: സി. തിലകാനന്ദനും മറ്റ് കുടുംബാംഗങ്ങളും നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്.
ഹൃദ്രോഗത്തിനുള്ള പ്രഥമ ശുശ്രൂഷ നല്‍കിയില്ല എന്ന ഹര്‍ജിക്കാരുടെ വാദവും, ഇത്തരം രോഗികള്‍ക്ക് പൂര്‍ണ വിശ്രമമാണ് വേണ്ടതെന്ന മെഡിക്കല്‍ കോളജ് ഡോക്ടര്‍ വി.കെ. ഗിരീശിന്റെ മൊഴിയും സ്വീകരിച്ചാണ് വിധി.രോഗികളെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന ഈ ആശുപത്രിക്കെതിരെ ഉപഭോക്തൃ സംഘടനകളോ രാഷ്ട്രിയ പാർട്ടികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.