ടി.ജി.ബൈജുനാഥ്
‘ആര്‍ക്കറിയാം’ സിനിമയില്‍ അഗസ്റ്റിനു സ്ക്രീന്‍ സ്പേസ് ഏറെയൊന്നുമില്ല. പക്ഷേ, ഇട്ടിയവിരയും ഷേര്ലിയും റോയിയുമൊക്കെ ഏറെയും സംസാരിക്കുന്നത് അഗസ്റ്റിനെക്കുറിച്ചാണ്.
പലര്‍ക്കും പലതാണ് അഗസ്റ്റിന്. അവരുടെ ഓര്‍മകളില്‍, കാഴ്ചകളില്‍, അറിവുകളില്‍, കേട്ടുകേള്‍വികളില്‍ ഒക്കെയുള്ള അഗസ്റ്റിന്. അയാളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്.
അഗസ്റ്റിനായി വേഷമിട്ടത് ഇപ്പോള്‍ തലയോലപ്പറമ്പില്‍ താമസിക്കുന്ന, കടുത്തുരുത്തി സ്വദേശി ജേക്കബ് ജോര്‍ജ്. ആദ്യ സിനിമയെക്കുറിച്ചു പറയുമ്പോള്‍ വൈകിയെങ്കിലും നല്ല തുടക്കം കിട്ടിയതിന്റെ സന്തോഷത്തിലാണു ജേക്കബ്.
ഇന്ത്യന്‍ സിനിമാറ്റോഗ്രഫേഴ്സില് മുന്‍നിരയിലുള്ള സാനു ജോണ്‍ വര്‍ഗീസിന്റെ പടത്തില്‍ ഇങ്ങനെയൊരു വേഷം കിട്ടിയതു ചില്ലറക്കാര്യമല്ലല്ലോ.
പഠിക്കാനായിരുന്നില്ല പ്രഷര്‍
ആദ്യസിനിമയിലെ വേഷം ക്ലിക്കായെന്ന് എല്ലാവരും പറയുമ്പോള്‍ ജേക്കബിന്റെ ഓര്‍മകളില്‍ നിറയെ അപ്പയുടെ സപ്പോർട്ടാണ്. ‘എന്റെ സിനിമ ആഗ്രഹിച്ചത് അപ്പയാണ്.
അപ്പ ചെറിയ സ്കിറ്റുകളും നാടകങ്ങളുമൊക്കെ എഴുതി ഡയറക്ട് ചെയ്തിരുന്നു. ഞാനും അനിയനുമൊക്കെയായിരുന്നു അഭിനേതാക്കള്‍.
സ്കൂളിൽ പഠി ക്കുന്ന കാലംമുതൽ വീട്ടില്‍ നിന്നുള്ള പ്രഷര്‍ പഠിക്കാനായിരുന്നില്ല. കലാപരമായി എന്തെങ്കിലും ചെയ്യാനായിര ു ന്നു. അഞ്ചു വര്‍ഷം മുമ്പ് അപ്പ മരിച്ചു.
’ അപ്പയുടെ സിനിമാക്കമ്പം മുന്നോട്ടു കൊണ്ടുപോകാനായതില്‍ സന്തോഷമുണ്ടെന്നും ജേക്കബ് പറയുന്നു.
ജേക്കബിന്റെ സ്വപ്നരാജ്യം!
ജേക്കബിന്റെ സ്വപ്നരാജ്യത്തേക്കുള്ള യാത്രയില്‍ എട്ടു വര്‍ഷത്തിന്റെ ദൂരം. പൊളിടെക്നിക് ഇലക്്ട്രോണിക്സും പാതിപിന്നിട്ട കെമിക്കല്‍ എന്‍ജിനിയറിംഗും കയ്യിലുണ്ടെങ്കിലും മോഹിച്ചതു സിനിമ.
ചാന്‍സു തേടി സെറ്റുകളില്‍ കയറിയിറങ്ങി. കൂട്ടുകാരുമൊത്തു സ്ക്രിപ്റ്റുകളൊരുക്കി പ്രൊഡ്യൂസര്‍മാരുടെ പിന്നാലെ കൂടി. പരസ്യചിത്രങ്ങളില്‍ വേഷമിട്ടു. ഐടി ജോലിവിട്ട് ഓഡിഷനുകളുടെ പിന്നാലെയലഞ്ഞു.
ഒടുവില്‍ ജേക്കബ് സിനിമയിലെത്തി. ലൂസിഫര്‍ ഉള്‍പ്പെടെയുള്ള സിനിമകളുടെ ചീഫ് അസോസിയേറ്റ് വാവ കൊട്ടാരക്കര അതിനു നിമിത്തമായി. സാനു ജോണ്‍ വര്‍ഗീസ് സംവിധായകനായ ആദ്യസിനിമ ജേക്കബിനും ആദ്യ സിനിമയായി.
ജേക്കബ് ആര്‍ക്കറിയാം സിനിമയിലെ അഗസ്റ്റിനായി. സാനു, അരുണ്‍ ജനാര്ദനന്, രാജേഷ് രവി എന്നിവരുടേതാണു രചന. നിർമാണം സന്താഷ് ടി. കുരുവിളയും ആഷിക് അബുവും.
പാര്‍വതിയുമായി ഫോട്ടോഷൂട്ട്
സീന്‍ ചെറുതായിരുന്നുവെങ്കിലും ഒരു വലിയ സിനിമയിൽ വര്‍ക്ക് ചെയ്ത ഫീലായിരുന്നുവെന്ന് ജേക്കബ്. ‘ബിജുചേട്ടനും ഷറഫിക്കയും പാര്‍വതിയുമൊക്കെ നന്നായി സഹായിച്ച തിനാല്‍ ഫ്രീയായി വര്‍ക്ക് ചെയ്യാനായി. രണ്ടു ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ. ആദ്യ ദിവസം പാര്‍വതി ചേച്ചിയുമായുള്ള ഫോട്ടോഷൂട്ടായിരുന്നു.
കുറച്ചു ദിവസം കഴിഞ്ഞാണു ബിജുചേട്ടനുമായുള്ള സീനെടുത്തത്. എന്റെ കഥാപാത്രം ഒരു കറക്കമൊക്കെ കഴിഞ്ഞുവരുന്നതായി ഫീല്‍ ചെയ്യണം. അതിനായി വണ്ണം കുറയ്ക്കണമെന്നും മുടി വളര്‍ത്തണമെന്നും സാനുസാര്‍ പറഞ്ഞു.
അഞ്ചു ദിവസം മുമ്പ് ഷേവ് ചെയ്ത മട്ടിലാണു സെറ്റില്‍ വരേണ്ടതെന്നും. ട്രിം ചെയ്താല്‍ താടിയെല്ലാം ഒരേ അളവില്‍ വരും. അതാണു ഷേവ് ചെയ്താല്‍ മതിയെന്നു പറഞ്ഞത്.’
രണ്ടു പൊട്ടിക്കാന്‍ തോന്നി!
‘എന്തിനും പോന്ന രീതിയില്‍ തന്റേടത്തോടെ കലിച്ചു നടക്കുന്ന സ്വഭാവമാണ് അഗസ്റ്റിന്. നടത്തം കണ്ടാല്‍ അതു തോന്നണം. അതിനായി നടത്തത്തില്‍ ചെറിയ മാറ്റംവരുത്തി. ഓരോ കഥാപാത്രത്തെക്കുറിച്ചും സാറിനൊരു വിഷ്വലുണ്ട്.
ശരീരഭാഷ വരെ അതനുസരിച്ചാവണം. ഒരാള്‍ നടന്നുവരുന്ന രീതിയില്‍ ചെറിയ മാറ്റമുണ്ടായാല്‍ പോലും അതു രണ്ടാമതു ഷൂട്ട് ചെയ്തിരുന്നു.’ നിന്നെ പിടിച്ചു രണ്ടു പൊട്ടിക്കാന്‍ തോന്നി എന്നൊക്കെ പടം കണ്ടവർ പറയുമ്പോള്‍ ജേക്കബിനു സന്തോഷം; പ്രയത്നങ്ങൾ വേറുതെയായില്ലല്ലോ!
ബിജുമേനോന്
ആദ്യസിനിമ. ബിജുമേനോന് എന്ന വലിയ ആര്‍ട്ടിസ്റ്റിനൊപ്പം സീന്‍. ആവേശക്കൊടുമുടിയേറാൻ ഇതൊക്കെ ധാരാളമല്ലേ. ‘ബിജുചേട്ടനുമായി കുറച്ചു സംസാരിച്ചതോടെ ഞങ്ങള്‍ നല്ല കമ്പനിയായി.
എന്റെ ചെറിയ മിസ്റ്റേക്കുകള് ബിജുചേട്ടന് പറഞ്ഞുതന്നിട്ടുണ്ട്. ടൈമിംഗ് കൃത്യമാകുന്നതിലും ഹെല്പായി. ഞാന്‍ വീഴുന്ന സീനുണ്ട് സിനിമയില്‍. തലയടിക്കാതെ സൂക്ഷിക്കണമെന്നൊക്കെ കെയറിംഗായി ബിജുചേട്ടന് സംസാരിച്ചതു വലിയ സപ്പോര്‍ട്ടായി.’ – ജേക്കബ് പറയുന്നു.
ആ സസ്പെൻസ്
ബിജുമേനോനും ജേക്കബുമുള്ള സീന്‍, സിനിമയുടെ സസ്പെന്‍സ് ഒളിപ്പിച്ച ആ സീന്‍ തിടനാടുള്ള ഒരു വീട്ടിലാണു ചിത്രീകരിച്ചത്. ‘ഷൂട്ടിനു മുന്നേ ഏകദേശ ധാരണയുണ്ടായിരുന്നു. ഷൂട്ടിനിടെ സ്ക്രിപ്റ്റ് വിശദമായി വായിച്ചപ്പോള്‍ ഞെട്ടിപ്പോയി.
അതിലും ഞെട്ടിയതു തിയറ്ററില്‍ പടം കണ്ടപ്പോഴാണ്. കാരണം, എന്റെ കാരക്ടറിനെ ശരിക്കും ഫോക്കസ് ചെയ്യുന്ന ഒരു കഥയായി അതു സ്ക്രീനില്‍ വന്നു.
അത്തരത്തിലായിരുന്നു സാനു സാറിന്റെ മേക്കിംഗ്. ബിജു മേനോന്റെയും പാര്‍വതിയുടെയും ഷറഫുദീന്റെയുമൊക്കെ സംസാരങ്ങളിലൂടെ അഗസ്റ്റിന്റെ ഡീറ്റയിലിംഗ് കാണികളിലേക്ക് എത്തുമ്പോള്‍ സന്തോഷമാണ്.’ ഇര, മമ്മൂട്ടി – വൈശാഖ് ടീമിന്റെ ന്യൂയോര്‍ക്ക് എന്നീ സിനിമകളെഴുതിയ നവീന്‍ ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ജേക്കബ് ഇനി വേഷമിടുന്നത്.