നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസില്‍ അന്വേഷണം ബോളിവുഡിലേക്കും. 200 കോടിയുടെ തട്ടിപ്പാണ് നടന്നത്.
ഇതിന്റെ ഭാഗമായി ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു.
ലീനയുടെ പങ്കാളി സുകാഷ് ചന്ദ്രശേഖറും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഇഡിയുടെ നടപടി.
വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ചു കോടികള്‍ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണു ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീന മരിയ പോളും.
വായ്പ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍നിന്നു 200 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും ഒടുവില്‍ അറസ്റ്റിലായത്.
മറ്റൊരു കേസില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകാഷിന്റെ തട്ടിപ്പ്. കഴിഞ്ഞ ദിവസമാണ് സുകേഷും ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഒന്നിച്ചുള്ള സ്വകാര്യ ഫോട്ടോകള്‍ പുറത്തായി.
സുകാഷ്, ജാക്വിലിനെ ചുംബിക്കുന്ന മിറര്‍ സെല്‍ഫിയാണ് പ്രചരിച്ചത്. ജയിലിലായിരുന്ന സുകാഷ് പരോളില്‍ ഇറങ്ങിയ സമയത്ത് എടുത്തതാണു സെല്‍ഫി.
ചെന്നൈയില്‍വച്ച് ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും കിട്ടിയെന്നാണ് സൂചന.
ഫോട്ടോയില്‍ കാണുന്ന ഫോണ്‍ ഉപയോഗിച്ചാണ് സുകാഷ് തട്ടിപ്പിനായി ജയിലില്‍നിന്നു വിളിച്ചിരുന്നത്.
തട്ടിപ്പിനായി ഉപയോഗിച്ച ഇസ്രയേല്‍ സിം കാര്‍ഡ് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിച്ചിരുന്നത് ഈ ഫോണിലായിരുന്നു.
സുകാഷുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അവാസ്തവമാണെന്നു നടി ജാക്വിലിന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ പുറത്തു വന്നത്.
സുകാഷ് ചന്ദ്രശേഖര്‍ തിഹാര്‍ ജയിലില്‍ കൈക്കൂലിയായി കോടികള്‍ പൊടിപൊടിച്ചെന്ന് റിപ്പോര്‍ട്ട്.
ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സെല്ലില്‍ ഒറ്റയ്ക്ക് താമസിക്കാനുമാണ് ഇത്രയും പണം ചെലവഴിച്ചത്.
ഇതുവഴിയാണ് ജയിലിലായിരുന്നിട്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ പ്രതിക്ക് കഴിഞ്ഞതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിഹാര്‍ ജയിലില്‍ ഒരു ബാരക്കില്‍ ഒറ്റയ്ക്കായിരുന്നു സുകാഷിന്റെ വാസം. ഇവിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും ജയില്‍ അധികൃതര്‍ ഒത്താശചെയ്തു.
രണ്ടാഴ്ചത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 60-75 ലക്ഷം രൂപയായിരുന്നു കൈക്കൂലി. ഇത്തരത്തില്‍ മാസത്തില്‍ കോടിക്കണക്കിന് രൂപയാണ് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കിയിരുന്നത്.
തട്ടിപ്പ് നടത്താനായി സുകാഷ് ഉപയോഗിച്ച മൊബൈല്‍ ഫോണും വിദേശ സിംകാര്‍ഡും ജയില്‍ ഉദ്യോഗസ്ഥരാണ് നല്‍കിയത്.
ഇടയ്ക്ക് ചില അതിഥികളും ഇയാളെ കാണാന്‍ ജയിലിലെ ബാരക്കില്‍ എത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ സുകാഷ് ചന്ദ്രശേഖര്‍, നടി ലീന മരിയ പോള്‍ എന്നിവരടക്കം 14 പേരെയാണ് ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.