ന്യൂഡൽഹി: കുൽഭൂഷണ് ജാദവിനെ തൂക്കിലേറ്റുന്നത്് അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തതിൽ പ്രതിഷേധിച്ച് ഒാൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. പാക്കിസ്ഥാനിൽ നിന്നുള്ള ഹാക്കർമാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. വെബ്സൈറ്റ് ഹാക്ക് ചെയ്ത് ജാദവിന്റെ ചിത്രവും ഒപ്പം ജാദവിന്റെ മൃതദേഹം മാത്രമെ ഇന്ത്യക്ക് ലഭിക്കു എന്ന കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. സൈറ്റ് ഹാക്ക് ചെയ്തതായി സ്ഥിരീകരിച്ച ഫെഡറേഷൻ അധികൃതർ സൈറ്റ് ഉടൻ സാധാരണ നിലയിലാക്കുമെന്ന് ട്വിറ്ററിൽ അറിയിച്ചു.
ഇന്നലെയാണ് ഇന്ത്യക്കാരനായ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷണ് ജാദവിനെ പാക്കിസ്ഥാൻ തൂക്കിലേറ്റുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തത്. ഇതുസംബന്ധിച്ച്് പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് അന്താരാഷ്ട്ര കോടതി കത്ത് അയച്ചു. ചാരക്കുറ്റം ആരോപിച്ച് പാക് സൈനിക കോടതിയാണ് ജാദവിനു വധശിക്ഷ വിധിച്ചത്. എന്നാൽ, കോടതി വിധിയുടെ പകർപ്പോ ജാദവിനെതിരേയുള്ള കുറ്റപത്രമോ ഇന്ത്യക്കു നല്കാൻ പാക്കിസ്ഥാൻ തയാറായിരുന്നില്ല.
കഴിഞ്ഞവർഷം മാർച്ച് മൂന്നിനാണ് ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്ന് ചാരക്കുറ്റം ആരോപിച്ച് ജാദവിനെ പാക് സൈന്യം പിടികൂടിയത്. ഇതിനുശേഷം ജാദവ് കുറ്റം സമ്മതിക്കുന്ന രീതിയിലുള്ള വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു. ജാദവിനെ വിട്ടുതരണമെന്ന് ഇന്ത്യ 16 തവണ ആവശ്യപ്പെട്ടിരുന്നു. കൂടാതെ പാക് കോടതിയിൽ ജാദവിന്റെ അമ്മ വിധിക്കെതിരേ ഹർജി നല്കിയിരുന്നു.