കൊല്ലം: ലോകവിസ്മയങ്ങളുടെ പട്ടികയിൽ ഇടംനേടുന്ന ജടായുശില്പ്പമുൾക്കൊളളുന്ന കൊല്ലം ചടയമംഗലത്തെ ജടായുഎർത്ത് സെന്ററിന്റെ രണ്ടാംഘട്ട ഉദ്ഘാടനം 17ന് മുഖ്യമന്ത്രിപിണറായി വിജയൻ നിർവഹിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഒരു ടൂറിസംകേന്ദ്രം എന്ന കേരളത്തിന്റെ സ്വപ്നമാണ് യാഥാർഥ്യത്തിലേക്ക് എത്തുന്നത്. ചലച്ചിത്രകാരനും ശില്പ്പിയുമായ രാജീവ്അഞ്ചൽ ഒരുപതിറ്റാണ്ടിലേറെ നടത്തിയ സമർപ്പണത്തിലൂടെ യാഥാർഥ്യമാകുന്ന ജടായുശില്പം ലോകത്തെതന്നെ ഏറ്റവും വലിയ പക്ഷി ശില്പമാണ്.
സമുദ്രനിരപ്പിൽ നിന്നും ആയിരം അടിഉയരത്തിൽ നിലകൊളളുന്ന ഈ ഭീമാകാര ശില്പത്തിന് സമീപത്തേക്ക് എത്തിച്ചേരുന്നതിന് സജ്ജമാക്കിയിരിക്കുന്നത് അത്യാധുനിക കേബിൾകാർ സംവിധാനമാണ്. പൂർണമായും സ്വിറ്റ്സർലാന്റിൽ നിർമിച്ച കേബിൾ കാർ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് ഏർപ്പെടുത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ആയിരം അടിയോളം ഉയരത്തിലേക്ക് കേബിൾ കാറിൽ സഞ്ചരിക്കുന്നതുതന്നെ ടൂറിസ്റ്റുകൾക്ക് വിസ്മയകരമായ അനുഭവം സമ്മാനിക്കും.
ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദവും, പാറക്കെട്ടുകളുടെ സ്വാഭാവികതയും സംയോജിപ്പിക്കുന്ന ജടായുഅഡ്വഞ്ചർ പാർക്ക് ലോകമെങ്ങുമുള്ള സാഹസികപ്രേമികളെ ആകർഷിക്കുന്നതാണ്.65 ഏക്കർ വിസ്തൃതിയിലുള്ള ജടായു എർത്ത് സെന്റർ സംസ്ഥാനടൂറിസം രംഗത്തെ ആദ്യ ബിഒടി സംരംഭമാണ്.
കേരള ടൂറിസംവകുപ്പിനും, കേരളത്തിനുമാകെ അഭിമാനം നൽകുന്ന പദ്ധതിയാണ് ഇത്.ടൂറിസം രംഗത്തെ നിക്ഷേപ സാധ്യതകൾക്ക് വഴിതുറക്കുന്ന സംരംഭത്തിൽ പങ്കാളികളായിരിക്കുന്ന രാജീവ് അഞ്ചലിന്റെ ഗുരു ചന്ദ്രിക ബിൽഡേഴ്സ് ആന്റ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡും നൂറിലേറെ വിദേശ മലയാളികളുമാണ്.
ജടായുഎർത്ത് സെന്ററിന്റെ ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രിയെ കൂടാതെ മറ്റ് മന്ത്രിമാരും, ജനപ്രതിനിധികളും, സാമൂഹിക സാഹിത്യ–സാംസ്കാരികരംഗത്തെ പ്രമുഖരും പങ്കെടുക്കും. ചടയമംഗലം എന്നഗ്രാമവും പൗരാണിക പ്രാധാന്യമുള്ള ജടായുപ്പാറയും ഇനി ലോകടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ തിലകക്കുറിയായി ഇടംനേടും.
സ്ത്രീ സംരക്ഷണത്തിന്റെ പ്രതീകമായ ജടായുവെന്ന ഭീമൻ പക്ഷിയുടെ ശില്പമുൾക്കൊള്ളുന്ന ഈ ടൂറിസം പദ്ധതി ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ വിനോദ സഞ്ചാരികൾക്ക് സന്പൂർണ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന പദ്ധതിയാണെന്ന പ്രത്യേകതയുമുണ്ട്.
രാമായണത്തിലെ സീതാദേവിയെ ലങ്കാധിപനായ രാവണൻ പുഷ്പകവിമാനത്തിൽ തട്ടിക്കൊണ്ടുപോകവെ ശ്രീരാമ ഭക്തനായ ജടായു ഇവിടെ വച്ചാണ് തടയാൻ ശ്രമിച്ചതെന്നാണ് ഐതീഹ്യം. ഇവർ തമ്മിൽ നടന്ന പോരാട്ടത്തിനിടെ രാവണൻ പക്ഷിശ്രേഷ്ഠനായ ജടായുവിന്റെ ചിറക് അരിഞ്ഞു വീഴ്ത്തി സീതയുമായി ലങ്കയിലേക്കു കടക്കുകയായിരുന്നുവെത്രെ.
രാവണന്റെ വെട്ടേറ്റു ജടായു ഈ പ്രകൃതി സുന്ദരമായ പാറയുടെ മുകളിൽ വീണതുകൊണ്ടാണ് ഇതിന് ജടായുപാറ എന്ന പേര് ഉണ്ടായതെന്നും പറയപ്പെടുന്നു. ശ്രീരാമന്റെ കാൽപാദം പതിഞ്ഞെന്ന് വിശ്വസിക്കപ്പെടുന്ന അടയാളവും പാറയുടെ മുകളിലുണ്ട്. ഇതിനടുത്ത് നിന്നായി ഏതുസമയത്തും കാണപ്പെടുന്ന നീരുറവയും കാണാം. തൊട്ടടുത്ത് ചെറിയ ക്ഷേത്രവും ഉണ്ട്.