മുംബൈ: ഈ നൂറ്റാണ്ടിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വിലമതിപ്പുള്ള താരമായി (മോസ്റ്റ് വാല്യബിൾ പ്ലെയർ) തെരഞ്ഞെടുക്കപ്പെട്ടത് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി, എം.എസ്. ധോണി തുടങ്ങിയവരെയെല്ലാം പിന്തള്ളിയാണ് ജഡേജ ഒന്നാമനായത്.
വിസ്ഡണ്‍ നടത്തിയ തെരഞ്ഞെടുപ്പിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായത് ശ്രീലങ്കയുടെ മുൻ ഓഫ്സ്പിന്നർ മുത്തയ്യ മുരളീധരനാണ്. മുരളീധരനു പിന്നിൽ 97.3 റേറ്റിംഗ് പോയിന്റോടെ ജഡേജ മികച്ച രണ്ടാമത്തെ താരമായി. 2000 മുതൽ 2020 വരെയുള്ള കാലയളവിലെ പ്രകടനങ്ങൾ ആധാരമാക്കിയായിരുന്നു തെരഞ്ഞെടുപ്പ്.
മത്സരഫലത്തെ ഒരു താരം എത്രമാത്രം സ്വാധീനിക്കുന്നു എന്നതു പരിഗണിച്ചായിരുന്നു വിസ്ഡന്റെ തെരഞ്ഞെടുപ്പ്. ഇന്ത്യക്കായി വേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റ് നേടുന്ന ബൗളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ജഡേജ കഴിഞ്ഞ വർഷം എത്തിയിരുന്നു. 44 ടെസ്റ്റിൽനിന്നാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്.
ബൗളിംഗിൽ ഓസ്ട്രേലിയൻ ലെഗ്സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനേക്കാൾ മികച്ച ശരാശരിയാണ് ജഡേജയ്ക്കുള്ളത് (24.62). ബാറ്റിംഗിൽ 35.26 ആണ് ജഡേജയുടെ ടെസ്റ്റ് ശരാശരി. ഓസ്ട്രേലിയൻ മുൻ ബാറ്റ്സ്മാൻ ഷെയ്ൻ വാട്സണേക്കാൾ മികച്ച ശരാശരിയാണിത്.
2012ൽ ടെസ്റ്റിൽ അരങ്ങേറിയ ജഡേജ 49 ടെസ്റ്റിൽനിന്ന് 1869 റണ്‍സും 213 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 800 ടെസ്റ്റ് വിക്കറ്റ് എന്ന ലോകറിക്കാർഡ് കുറിച്ചാണ് മുരളീധരൻ കളിക്കളം വിട്ടത്. അതിൽ 573 വിക്കറ്റും 2000നു ശേഷമായിരുന്നു.