ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ മത്സരത്തിലെ രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. തന്റെ “അല്ലറ ചില്ലറ’ മികവുകൊണ്ട് എല്ലാ അർഥത്തിലും ജഡേജ താൻ തെറ്റാണെന്നു തെളിയിച്ചെന്നും തന്നെ എല്ലാ അർഥത്തിലും വലിച്ചുകീറിയെന്നും മഞ്ജരേക്കർ സമ്മതിച്ചു. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇതുപോലെ മികവു പ്രകടിപ്പിച്ച ഒരു ജഡേജയെ ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വീഡിയോ ഐസിസി ഒൗദ്യോഗിക ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ലോകകപ്പ് സെമിയിൽ വന്പൻ തകർച്ചയെ നേരിട്ട ഇന്ത്യയെ ജഡേജയാണ് വിജയത്തിനരികെ എത്തിച്ചത്. 59 പന്തിൽനിന്ന് 77 റണ്‍സ് നേടിയ ജഡേജ ഏഴാം വിക്കറ്റിൽ ധോണിക്കൊപ്പം 116 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എങ്കിലും മത്സരത്തിൽ ഇന്ത്യ 18 റണ്‍സിനു തോറ്റു.
കഴിഞ്ഞ ദിവസം ക്രിക്കറ്റ് കമന്ററിക്കിടെ രവീന്ദ്ര ജഡേജ “അല്ലറ ചില്ലറ’ കളിക്കാരൻ മാത്രമാണെന്ന മഞ്ജരേക്കറിന്റെ അഭിപ്രായം വിവാദമായിരുന്നു. എജ്ബാസ്റ്റനിൽ ഇന്ത്യ-ഇംഗ്ലണ്ട് മൽസരം നടക്കുന്പോഴാണ് കമന്ററി ബോക്സിൽ മഞ്ജരേക്കറിന്റെ വിവാദ പരാമർശം. ഇത്തരം അല്ലറ ചില്ലറ താരങ്ങളെ തനിക്ക് ഇഷ്ടമല്ലെന്നായിരുന്നു മഞ്ജരേക്കർ പറഞ്ഞത്.
ഇതിനു പിന്നാലെ മഞ്ജരേക്കർക്കു മറുപടിയുമായി ജഡേജ തന്നെ രംഗത്തെത്തി. നിങ്ങൾ കരിയറിൽ മൊത്തം കളിച്ച കളികളേക്കാൾ കൂടുതൽ കളികൾ ഞാൻ ഇതിനകം കളിച്ചിട്ടുണ്ട്. ഇപ്പോഴും കളി തുടരുകയും ചെയ്യുന്നു. ജീവിതത്തിൽ നേട്ടങ്ങൾ കൊയ്തിട്ടുള്ളവരെ ബഹുമാനിക്കാൻ പഠിക്കണം. നിങ്ങളുടെ വായാടിത്തത്തെക്കുറിച്ചു മുൻപേ ഞാൻ കേട്ടിട്ടുണ്ടെന്നും ജഡേജ ട്വിറ്ററിൽ പ്രതികരിച്ചു.