2002ല്‍ ഒാകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില് ഒരാളായി മാറിയിരിക്കുന്നു. അഭിനയജീവിതം 22 വര്‍ഷം പിന്നിടുമ്പോള്‍ ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു.
ജാഫര്‍ പ്രധാന വേഷത്തിലെത്തിയ, വിഷ്ണു രവി സംവിധാനം ചെയ്ത മാംഗോ മുറി ഈ മാസമാണ് തിയറ്ററുകളിലെത്തിയത്. ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ പാളയം പിസിയിലും ശ്രദ്ധേയ വേഷം ചെയ്തു.
മിമിക്രി വേദികളില്‍നിന്നു ഹാസ്യതാരമായി വെള്ളിത്തിരയിലെത്തിയ ജാഫർ സ്വഭാവ വേഷങ്ങളാണിപ്പോൾ കൂടുതലായും ചെയ്യുന്നത്. കൈയൊപ്പ് എന്ന സിനിമയാണ് ജാഫറിന്റെ കരിയറില്‍ വഴിത്തിരിവായതെന്നു പറയാം. പിന്നീടു കെട്ട്യോളാണെന്റെ മാലാഖ, ഇഷ്ക്, ജെല്ലിക്കെട്ട്, അഞ്ചാം പാതിര, ചുരുളി, കേശു ഈ വീടിന്റെ നാഥന്, മലയൻകുഞ്ഞ് തുടങ്ങി ഒരുപിടി സിനിമകളിലെ മികച്ച പ്രകടനം ജാഫറിനെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിച്ചു. ജാഫര്‍ ഇടുക്കി രാഷ്ട്രദീപികയോട്.
‘മാംഗോ മുറി’യിലെ കഥാപാത്രം
ഈ സിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. പത്തിരുപത് വര്‍ഷമായി തിയറ്ററില്‍ പോയി ഒരു സിനിമ കണ്ടിട്ട്. ഞങ്ങള്‍ കൂടെപ്പിറപ്പുകള്, ഞാനും ചേട്ടനും പെങ്ങളും കല്യാണം കഴിഞ്ഞു വേറെ കുടുംബങ്ങളായി മാറിയതോടെ തിയറ്ററില്‍ പോയി സിനിമ കാണുന്നതു നിര്‍ത്തി. അതിനു മുമ്പ് ഞങ്ങള്‍ ഒരുമിച്ചായിരുന്നു തിയറ്ററില്‍ പോയി സിനിമ കണ്ടിരുന്നത്. ടിവിയില്‍ മാത്രമാണിപ്പോള്‍ സിനിമ കാണുന്നത്. ഞാന്‍ അഭിനയിച്ച സിനിമകൾ കാണുന്നതും ടിവിയില്‍ വരുമ്പോള്‍ മാത്രമാണ്.
മാംഗോ മുറി എന്ന സിനിമയില്‍ പഠിക്കാനും, പഠിക്കാനെന്ന പേരിലും എത്തുന്ന കുറെ കുട്ടികള്‍ താമസിക്കുന്ന ഹോട്ടലിന് ഒരു മതിലിനിപ്പുറം താമസിക്കുന്ന ഒരാളുടെ വേഷമാണ് ഞാൻ ചെയ്തത്. ഹോട്ടലില്‍നിന്നുള്ള എല്ലാ മാലിന്യങ്ങളും എന്റെ പറമ്പിലാണ് വന്നുവീഴുന്നത്. ഇതിനെതിരേ പ്രതികരിക്കുന്ന കഥാപാത്രം. ഇത്തരത്തിലൊരു വേഷം ഞാന്‍ ആദ്യമായാണ് ചെയ്യുന്നത്. ഈ കഥാപാത്രം എന്നെക്കൊണ്ടു ചെയ്യിച്ചു വിജയിപ്പിച്ചത് സംവിധായകൻ വിഷ്ണു രവിയുടെ കഴിവാണ്. സിനിമയിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും അറിവുള്ളയാളാണ് വിഷ്ണു രവി. ഓഫ്ബീറ്റ് സിനിമ എന്നൊക്കെ പറയാവുന്ന ഒരു സിനിമയാണിത്.
അവാര്‍ഡ് സിനിമ
അവാര്‍ഡ് സിനിമ ചെയ്യാം എന്നു പറഞ്ഞു വരുന്നവരെ ഞാന്‍ ഓടിക്കും. അങ്ങനെയൊരു സിനിമ ഇതുവരെ ഞാന്‍ ചെയ്തിട്ടില്ല. ദൈവം അനുഗ്രഹിച്ച് തരുന്നതും ജൂറിയുടെ കണ്ണില്‍ നമ്മുടെ അഭിനയം കൊള്ളാമെങ്കില്‍, നമുക്ക് അര്‍ഹതയുണ്ടെങ്കില്‍ മാത്രം നല്‍കേണ്ട ഒന്നാണത്. അവാര്‍ഡ് സിനിമയ്ക്കു വേണ്ടി ഒരഭിനയം, അല്ലാത്തതിനു വേണ്ടി വേറൊരു അഭിനയം എന്നൊന്നും നമുക്കില്ല.
ഇലക്ട്രീഷൻ, പ്ലംബർ, ഡ്രൈവർ
പത്താം ക്ലാസ് കഴിഞ്ഞു കുറച്ചു പണികളൊക്കെ പഠിച്ച് വീടിനടുത്ത് ഒരു കടയെടുത്ത് റേഡിയോ- ടിവി നന്നാക്കൽ, ഇലക്ട്രീഷൻ, പ്ലംബര്‍ തുടങ്ങിയ ജോലികൾ ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ഒപ്പം ഓട്ടോറിക്ഷയും ഓടിച്ചിരുന്നു. ഇടയ്ക്കൊക്കെ മിമിക്രിയും. അങ്ങനെ പത്തുപന്ത്രണ്ട് കൊല്ലം. അങ്ങനെയിരിക്കെ കലാഭവന്‍ റഹ്മാന്റെ ജോക്സ് ഇന്ത്യ എന്ന പ്രഫഷണല്‍ ട്രൂപ്പില്‍ കയറി.
പിന്നീട് അബിയുടെ കൊച്ചിൻ സാഗര്‍ ട്രൂപ്പില്‍ രണ്ടു വര്‍ഷം. അവിടെനിന്നാണ് കലാഭവനില്‍ എത്തുന്നത്. അവിടെ ആറു വര്‍ഷത്തോളം ഉണ്ടായിരുന്നു. ഇതിനിടയില്‍ എട്ട് സുന്ദരികളും ഞാനും എന്ന സീരിയലില്‍ എത്തി. അക്കാലത്തു ശ്രദ്ധിക്കപ്പെട്ട സീരിയലായിരുന്നു അത്. അങ്ങനെയിരിക്കെയാണ് ആദ്യ സിനിമയില്‍ അവസരം കിട്ടിയത്. മമ്മി സെഞ്ച്വറി ഇറക്കിയ കോമഡി മൂസ എന്ന വീഡിയോ കാസറ്റില്‍ എന്നെ കണ്ടാണ് ഡയറക്ടര്‍ അനീഷ് പണിക്കര്‍ സിനിമയിലേക്കു വിളിക്കുന്നത്. ‘ഒാകെ ചാക്കോ കൊച്ചിന് മുംബൈ’ എന്നായിരുന്നു സിനിമയുടെ പേര്. തിലകന് ചേട്ടന് മുഖ്യവേഷത്തില്‍ എത്തിയ ആ സിനിമയില്‍ പ്രധാന മൂന്നു നായകന്മാരില് ഒരു കോമഡി നായകന് ആയിട്ടായിരുന്നു തുടക്കം. ആ സിനിമ പക്ഷേ തിയറ്ററില്‍ റിലീസ് ആയില്ല, ടിവിയില്‍ ഇടയ്ക്കിടെ വരാറുണ്ട്.
മിമിക്രിയും സിനിമയും
ഒരു സിനിമയിലെ എന്റെ കഥാപാത്രത്തെക്കുറിച്ചു പറയുമ്പോള്‍ അയാള്‍ രാവിലെ റബര്‍ വെട്ടും, പിന്നെ പള്ളിയില്‍ പോകും, തിരിച്ചെത്തി പാലെടുക്കും, ഉറയൊഴിച്ചു വയ്ക്കും, പിന്നെ ഷീറ്റടിക്കും, പിന്നെ ഉണങ്ങാനിടും എന്നൊക്കെ പറയുമ്പോള്‍ നമ്മുടെ കണ്ണില്പ്പെട്ടിട്ടുള്ള ഇങ്ങനെയുള്ള ആളുകളെ ഓര്‍ക്കും.
അങ്ങനെ അതു ചെയ്യും. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി അഭിനയം പഠിച്ചിട്ടുള്ള ആളൊന്നുമല്ല ഞാന്‍. മിമിക്രിയില്‍ ഞാന്‍ മ്യൂസിക് ശബ്ദങ്ങൾ ആണ് ആദ്യം ചെയ്തിരുന്നത്. പിന്നീടാണ് കോമഡി സ്കിറ്റിലേക്കു വന്നത്.
ഒരു സീസണില്‍ മുഴുവന്‍ അഞ്ചാറ് സ്കിറ്റാണ് വേദിയില്‍ കളിക്കുന്നത്. നാടകനടന്മാര് അസാമാന്യ കഴിവുള്ളവരാണ്. ദൈവത്തിന്റെ ആനുകൂല്യം കുറച്ചു കൂടുതല്‍ കിട്ടുന്ന കലാകാരന്മാരാണിവര്‍. നാടകം ഒരു വര്‍ഷം കളിക്കുമ്പോൾ ഒരാൾക്കു കൂടിയാൽ രണ്ടോ മൂന്നോ കഥാപാത്രത്തെ ചെയ്യേണ്ടിവന്നേക്കാം. പക്ഷേ, മിമിക്രി ആര്‍ട്ടിസ്റ്റുകൾക്ക് ഒരു വർഷത്തിനിടെ പത്തും അന്‍പതും കഥാപാത്രങ്ങളെ ചെയ്യേണ്ടിവരും. അങ്ങനെ കുറെയേറെ കഥാപാത്രങ്ങളെ ചെയ്യാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്.
പുതിയ പ്രോജക്ടുകള്‍
പുതിയ നാലു സിനിമകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിലൊന്ന് മാംഗോ മുറി പോലെ ഇന്റര്‍നാഷണല്‍ ലെവലില്‍ പോകാന്‍ സാധ്യതയുള്ളൊരു സിനിമയാണ്. അതില്‍ ഞാനും ഒരു പയ്യനും മാത്രമാണുള്ളത്. പിന്നെ ഒരു മുറി ഒരു കട്ടില്, ലിറ്റില്‍ ഹാര്‍ട്സ്, ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന ചിത്രം, ദിലീഷ് പോത്തന് നായകനാകുന്ന ഒരു സിനിമ തുടങ്ങി പതിനെട്ട് സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായി.
സന്തോഷം, സങ്കടം
സിനിമയില്‍ എത്താനായതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം. അതിനു മുമ്പ് പരാധീനതകളും പരിവട്ടവും മാത്രമായിരുന്നു. സിനിമയില്‍നിന്നു കിട്ടിയ വരുമാനംകൊണ്ടൊരു വീട് വച്ചു. മോളെ നല്ല രീതിയിൽ കല്യാണം കഴിച്ചുവിട്ടു. മോള്‍ക്കൊരു വീടു വച്ചുകൊടുത്തു, അവള്‍ക്കൊരു കടയിട്ടു കൊടുത്തു. പിന്നെ ഞാന്‍ തൊടുപുഴ ഉടുന്പന്നൂരിലെ എന്റെ വീടിനോടു ചേര്‍ന്നു വാടകയ്ക്കു കൊടുക്കാനായി ചെറിയ ചില കടമുറികളൊക്കെ വാങ്ങി.
മിമിക്രി ചെയ്തു ജീവിതം പോറ്റിയ കാലത്തു പലപ്പോഴും ഒന്നിച്ചു കിടന്നുറങ്ങിയിട്ടു പോലുമുള്ള പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ വിയോഗം ജീവിതത്തിലെ ഏറ്റവും തീരാസങ്കടമാണ്. ഒരു കുന്നിനൊരു കുഴി പോലെ ജീവിതത്തില്‍ സന്തോഷവും സങ്കടവും എല്ലാം വരും. മനുഷ്യന് ഇങ്ങനെ കിട്ടുന്ന ആയുസില്‍ കുന്നിലൂടെയും കുഴിയിലൂടെയും സഞ്ചരിച്ച് ഒരു ദിവസം കുഴിയില്‍ പോകും. അതാണ് ജീവിതം.
കുടുംബം, കുട്ടികള്‍
ഭാര്യ ആരിഫ, വീട്ടില്‍ സിമി എന്നാണു വിളിക്കുന്നത്. മകള്‍ അല്‍ഫിയ, മകന് മുഹമ്മദ് അല്‍താഫ് ഏവിയേഷന്‍ കോഴ്സ് പഠിക്കുന്നു. മരുമകന്: മുഹമ്മദ് ഷെരീഫ്. കൊച്ചുമകള്‍: ഫാത്തിമ നൈഹ.
പ്രദീപ് ഗോപി