കൊച്ചി: എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ജാഫര്‍ മാലിക് ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ എസ്. സുഹാസ് പുതിയ കളക്ടര്‍ക്കു ചുമതല കൈമാറി.
ജില്ലാ വികസന കമ്മീഷണര്‍ കൂടിയായ ഭാര്യ അഫ്സാന പര്‍വീണിന്റെ സാന്നിധ്യത്തിലായിരുന്നു ജാഫര്‍ മാലിക്കിന്റെ സ്ഥാനമേൽക്കൽ. എറണാകുളം കളക്ടറേറ്റില്‍ ഐഎഎസ് ദമ്പതികള്‍ ഔദ്യോഗിക പദവികളുമായി ഒരുമിച്ചെത്തുന്ന കൗതുകം ഇതാദ്യമാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എഡിഎം എസ്. ഷാജഹാന്, സബ് കളക്ടര്‍ ഹാരിസ് റഷീദ്, അസി. കളക്ടര്‍ സച്ചിന് യാദവ്, ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.കെ. ജയകുമാര്‍ തുടങ്ങിയവരും സ്ഥാനമേൽക്കൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കോവിഡ് മൂലം പ്രതിസന്ധിയിലായ വിദ്യാര്‍ഥികളുടെയും സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെയും കാര്യത്തിൽ പ്രത്യേകശ്രദ്ധ പതിപ്പിക്കുമെന്നു ജാഫര്‍ മാലിക് പറഞ്ഞു.
കോവിഡ് മഹാമാരി കുട്ടികളില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ നേരിടുന്നതിനായി ആരോഗ്യവകുപ്പ്, കുടുംബശ്രീ, അങ്കണവാടി ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരെ സംയോജിപ്പിച്ചു പദ്ധതി നടപ്പാക്കും.
ജില്ലയിലെ എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടും. സര്‍ക്കാര്‍ ജീവനക്കാരുടെ മികച്ച സേവനം ഉറപ്പാക്കും. വിവിധ വികസന പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പുതിയ കളക്ടർ പറഞ്ഞു.