എം.സുരേഷ്ബാബു
തിരുവനന്തപുരം: അനന്തപുരിയുടെ സിനിമാ സ്വപ്നങ്ങളെ താലോലിച്ച ധന്യ-രമ്യ തീയേറ്റർ ഇനി ഓർമ്മകളിൽ. തീയേറ്റർ പൊളിച്ച് നീക്കുന്നു. ലോക്ക് ഡൗണിന് മുൻപ് വരെ സിനിമാ പ്രദർശനം തീയേറ്ററിൽ നടന്നിരുന്നു. നാല് പതിറ്റാണ്ട് കാലം സിനിമാ പ്രേമികളുടെ ആസ്ഥാനമായിരുന്ന ധന്യ രമ്യ തീയേറ്ററിൽ മലയാളത്തിലെ പല പ്രമുഖ നടൻമാരും സിനിമ കാണാൻ എത്തിയിരുന്നു.
ധന്യ- രമ്യ തീയേറ്ററുമായി തനിക്കുള്ള സിനിമാ ബന്ധവും അനുഭവവും രാഷ്ട്രദീപികയുമായി പങ്ക് വയ്ക്കുകയാണ് സിനിമാ നടൻ ജഗദീഷ്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച തീയേറ്ററാണ് ധന്യ -രമ്യ. തന്റെ ആദ്യ സിനിമ റിലീസ് ചെയ്തത് ധന്യ- രമ്യ തീയേറ്ററിലായിരുന്നു.
മൈഡിയർ കുട്ടിച്ചാത്തൻ എന്ന ത്രീഡി സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്ന വന്ന നാൾ മുതൽ ലോക്ക് ഡൗണിന് മുൻപ് വരെ ഈ തീയേറ്ററുമായും മാനേജ്മേന്റുമായി തനിക്ക് നല്ല ബന്ധമായിരുന്നുവെന്ന് ജഗദീഷ് രാഷ്ട്രദീപികയോട് വ്യക്തമാക്കി.
ശ്രീകാന്ത് ആൻഡ് കസ്തൂരി
തന്റെ ബന്ധുക്കളാണ് ഈ തീയേറ്റർ സ്ഥാപിച്ചത്. അന്ന് ശ്രീകാന്ത് ആന്റ് കസ്തുരി എന്നായിരുന്നു തീയേറ്ററിന്റെ പേര്. ശ്രീകാന്ത് ബിസിനസുകാരനും കസ്തൂരി വിമൻസ് കോളജിലെ പ്രൊഫസറുമായിരുന്നു. പിന്നീട് അവർ ബാംഗ്ലൂരിലേക്ക് താമസം മാറിയതിനെ തുടർന്ന് തീയേറ്റർ മിനിമുത്തൂറ്റ് ഗ്രൂപ്പ് ഉടമയായ റോയിക്ക് തീയേറ്റർ വിൽപ്പന നടത്തി.
പിന്നീടാണ് ധന്യ -രമ്യ എന്ന പേരിൽ തീയേറ്റർ അറിയപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമ റിലീസ് ചെയ്ത നൂറ് ദിവസം പ്രദർശിപ്പിച്ചു. വലിയ വിജയമായിരുന്നു. സിനിമയിൽ അനൗണ്സറുടെയും ടിക്കറ്റ് നൽകുന്ന കഥാപാത്രമായിരുന്നു.
ത്രീഡി ചിത്രമായിരുന്നതിനാൽ കൂടുതൽ പ്രചാരത്തിനായി സിനിമ കാണാൻ എത്തുന്നവർക്ക് സമ്മാനപദ്ധതി തീയേറ്ററിൽ സംഘടിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു. സിനിമാ നിർമ്മാതാവായ നവോദയ അപ്പച്ചൻ ഉൾപ്പെടെയുള്ള പ്രമുഖരായിരുന്നു സമ്മാനപദ്ധതി ആവിഷ്കരിച്ചത്.
സിനിമ കണ്ട് പുറത്തിറങ്ങുന്നവരിൽ നിന്നും ത്രീഡി കണ്ണാടി വാങ്ങിയ ശേഷം അവരുടെ പേര് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നു. തീയേറ്ററിൽ നടന്ന ചടങ്ങിലും അനൗണ്സറുടെ റോൾ സിനിമയിലെ പോലെ തന്നെ നിർവഹിക്കാൻ നവോദയ അപ്പച്ചൻ പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ച് അനൗണ്സറായി നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുത്ത കാര്യം അദ്ദേഹം പങ്ക് വച്ചു. 1984 ഓഗസ്റ്റ് 15 നായിരുന്നു പ്രദർശനം നടന്നത്. ആദ്യ ഷോ മാറ്റിനിയായിരുന്നു.
ബാലചന്ദ്രമേനോന്റെ ചിത്രങ്ങളായ കേൾക്കാത്ത ശബ്ദം, കാര്യം നിസാരം, പ്രേമഗീതങ്ങൾ, തുടങ്ങിയ ഹിറ്റ് സിനിമകൾ റിലീസ് ചെയ്തത് ധന്യ രമ്യയിലായിരുന്നു. അജയ്ദേവ്ഗണ്, ഷാരുഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരുടെ ഹിന്ദി സിനിമകളും താൻ അവിടെ പോയി കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തീയേറ്റർ കെട്ടിടം പൊളിച്ച് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് പണിയാനാണ് ഇപ്പോൾ ഉടമസ്ഥർ തീരുമാനിച്ചിരിക്കുന്നത്. അതിൽ രണ്ട് തീയേറ്റർ കൂടി ഉണ്ടാകുമെന്നാണ് മാനേജ്മെന്റ് തന്നോട് പറഞ്ഞിരിക്കുന്നത്. പുതിയ തീയേറ്റർ പണിയട്ടെയെന്നാണ് തന്റെ ആഗ്രഹമെന്നും ജഗദീഷ് വ്യക്തമാക്കി.