ലീല സിനിമയിലെ കഥാപാത്രം എനിക്ക് ചിന്തിക്കാൻ പറ്റുന്ന ഒന്നല്ല. സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്റെ കഥാപാത്രം എന്നെ സംബന്ധിച്ച് വലിയൊരു ചലഞ്ചായിരുന്നു.
അത്രത്തോളം ആത്മസംഘർഷവും ഉണ്ടായിരുന്നു. അത് എങ്ങനെ ചെയ്യും, സിനിമയിൽ എന്നെപ്പോലെ ഒരു ആക്ടർ അത് ചെയ്യുമ്പോൾ എന്താകുമെന്ന കൺഫ്യൂഷനും ഉണ്ടായിരുന്നു.
ഞാൻ രമയോടും കുട്ടികളോടുമാണ് ഇത് ആദ്യം പറഞ്ഞത്. അവർ ധൈര്യമായി ചെയ്തോളൂ എന്ന് പറഞ്ഞു, അതൊരു കഥാപത്രമല്ലേ, മാത്രമല്ല നമ്മുടെ സമൂഹത്തിൽ അങ്ങനെയുള്ള അച്ഛന്മാരും ഉണ്ട്.
അതിനെ ആ രീതിയിൽ എടുത്ത് ചെയ്താൽ മതി എന്ന് രമ പറഞ്ഞു. അവർ അന്ന് തന്ന ആ കോൺഫിഡൻസിലാണ് ഞാൻ ആ സിനിമ ചെയ്തത്. അതുപോലെ ഹരികൃഷ്ണൻസ് എന്ന സിനിമയിൽ ഒരു വക്കീലായി എനിക്ക് ഒരു സ്പെഷൽ അപ്പിയറൻസ് ഉണ്ടായിരുന്നു.
ബേബി ശ്യാമിലിയുടെ കഥാപാത്രത്തെ ചോദ്യം ചെയ്ത് ഹരാസ് ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു എന്റേത്. ബാക്കിയുള്ള പലർക്കും വിഷമം തോന്നുന്ന ഒന്നായിരുന്നു.
കാരണം ആ കൊച്ചു കുട്ടിയെ അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ച് മാനസികമായി തളർത്തുന്ന ഒരു കഥാപാത്രമായിരുന്നു. ലീലയിലെയും ഹരികൃഷ്ണൻസിലെയും ഈ രണ്ടു കഥാപാത്രങ്ങളും ചെയ്യാൻ എനിക്ക് ആദ്യം ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല. -ജഗദീഷ്